ചാലക്കുടി: വിവാഹ ചടങ്ങിന് ശേഷം സമ്മതിദാനവകാശം വിനിയോഗിച്ച് നവവധു. വരനുമായാണ് പോളിംഗ് സ്‌റ്റേഷനിലെത്തിയത്. പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവാഹമാണ് സർക്കാരിന്റെ വോട്ട് ഫോർ നേഷൻ സന്ദേശത്തിന് മാതൃകയായത്. പരിയാരം വാർഡ് ഒന്നിലെ മാളവികയുടെ വിവാഹമാണ് പൊതു തിരഞ്ഞെടുപ്പ് ദിവസം നടന്നത്. ചക്കണലി ജോഷി നെല്ലിക്കൽ ബിജു ദമ്പതികളുടെ മകളാണ്. തൃശൂർ പഴുവിലെ തൈവളപ്പിൽ വീട്ടിൽ പരേതനായ സൂര്യപ്രഖുന്റെയും ശോഭയുടെയും മകൻ ധനിക് ആയിരുന്നു മാളവികയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ നടന്ന വിവാഹ ചടങ്ങിനുശേഷം വൈകീട്ട് 3 മണിവരെ അന്തിക്കാട് സെലിബ്രേഷൻ ആഡിറ്റോറിയത്തിൽ വിരുന്നു സത്ക്കാരവും നടന്നു. തുടർന്ന് ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ സമയം 5.45. തിടുക്കപ്പെട്ടുള്ള വരവിലും നവവധുവിന്റെ വോട്ട് ചെയ്യലിലും പോളിംഗ് ഉദ്യോഗസ്ഥരും സ്ഥാനാർത്ഥികളുടെ പ്രതിനിധികളും അഭിനന്ദനം അറിയിച്ചു.