
തൃശൂർ: തൃശൂർ ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തിരുവനന്തപുരത്തെ ആയുർവേദ ചികിത്സയ്ക്കുശേഷം മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. അഞ്ചു ദിവസമെങ്കിലും അവിടെ തുടരണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. അതിനുശേഷം ഏഴു ദിവസത്തെ സിനിമാ ഷൂട്ടിംഗിനായി അമേരിക്കയിലേക്ക് തിരിക്കും. മടങ്ങിയെത്തിയ ശേഷം മൂന്ന് സിനിമകളുടെ ഡബ്ബിംഗ് പൂർത്തിയാക്കും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ അന്തിക്കാട്ടെ വീട്ടിൽ വിശ്രമിച്ചാണ് പ്രചാരണത്തിന്റെ ക്ഷീണം തീർത്തത്. അടുത്ത ദിവസം മുതൽ വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകും.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഇന്ന് കോഴിക്കോടെത്തും. വീട്ടിൽ വിശ്രമിച്ച ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് തിരിക്കും. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിലും പൊതുപരിപാടികളിലും സജീവമാകും.