 
പുതുക്കാട് : പുതുക്കാട് ജംഗ്ഷനടുത്തുള്ള വീടുകളിലെ കിണറുകളിൽ മാലിന ജലം ഒഴുകിയെത്തി വെള്ളം മലിനമാകുന്നു. മാർക്കറ്റ് റോഡിലെ മാംസ,മത്സ്യ വിൽപ്പന ശാലകളിൽ നിന്നും കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുമുള്ള മലിനജലം കോൺക്രീറ്റ് കാന വഴി ഒഴുക്കിവിടുന്നതാണ് സമീപത്തെ ഉറവ വഴി വീട്ടു കിണറുകളിൽ എത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി വേനൽ കാലത്ത് കിണർ വെള്ളം മലിനപ്പെടുന്നുണ്ട്. പരാതിയുമായി പഞ്ചായത്തിലെത്തുമ്പോൾ വ്യാപാരികളെ വിളിച്ചു ചേർത്ത് താൽക്കാലിക പരിഹാരം ഉണ്ടാക്കും. വർഷങ്ങളായി നടക്കുന്ന പതിവാണ് ഇത്.
ഈ പ്രദേശത്തെ ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് മത്സ്യ-മാംസ വിൽപ്പനക്കുമാത്രമുള്ള ലൈസൻസുമായിട്ടാണ്. ഒരു സ്ഥാപനത്തിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നുണ്ട്. കോഴികളെ ഡ്രസ് ചെയ്ത് കൊടുക്കുന്നുമുണ്ട്. വർഷക്കാലത്ത് ഈ മലിന ജലം ഒഴുകി കേളി പാടത്തെത്തും തുടർന്ന് മണലി പുഴയിലും എത്തും. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും ഹെൽത്ത് ഇൻസ്‌പെക്ട്ടറുംവ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി.
കിണർ വെള്ളത്തിൽ കുളിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. സമൃതമായുള്ള കിണർ വെള്ളം മലിനമായതിനാൽ ടാങ്കർ ലോറിയിൽ വെളളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. മലിനജലം ഒഴുക്കുന്നത് തടയാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം
പി.ജെ. ജെയിംസ്, വീട്ടുടമ.
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മലിനജലം കാനയിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പഞ്ചായത്ത നടപടി സ്വീകരിക്കും.
കെ.എം.ബാബുരാജ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.