തൃശൂർ: തിരഞ്ഞെടുപ്പ് ദിനത്തിൽ സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കി കളക്ടറേറ്റിലെ കമാൻഡ് കൺട്രോൾ റൂം. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. ജില്ലയിലെ 1281 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനത്തിലൂടെ തത്്്്്്്‌സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്തു. പ്രശ്‌നബാധിത ബൂത്തുകളെയും പ്രത്യേകം നിരീക്ഷിച്ച് സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ഉറപ്പാക്കി.
ഓരോ മണിക്കൂറിലേയും പുതുക്കിയ വിവരങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഇലക്ഷൻ കമ്മിഷന്റെ പോൾ മാനേജർ ആപ്പിലേക്കും രണ്ട് മണിക്കൂർ കൂടുമ്പോൾ ഇലക്ഷൻ കമ്മിഷന്റെ എൻകോർ സൈറ്റിലേക്കും നൽകി. മോക്ക് പോളിംഗ് തുടങ്ങി വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ജില്ലാ കളക്ടർ പൂർണമായും കൺട്രോൾ റൂം മുഖേന പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സാങ്കേതിക തകരാർ മൂലം ബൂത്തിലോ ഇ.വി.എം, വിവിപാറ്റ് ഉപകരണങ്ങളിലോ നേരിട്ട തടസങ്ങൾ ഉടനെ പുന:സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചു. വോട്ടിംഗ് ആരംഭിച്ചത് മുതൽ ഓരോ മണിക്കൂറിലും പുതുക്കിയ വിവരങ്ങൾ ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തി അപ്‌ഡേറ്റ് ചെയ്യാൻ താമസം നേരിടുന്ന ബൂത്തുകളിലും സാങ്കേതിക തകരാർ ഉണ്ടായ ഇടങ്ങളിലും സെക്ടറൽ ഓഫീസർമാരെ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചു.