ചെറുതുരുത്തി: ഭാരതപ്പുഴക്ക് കുറുകെയുള്ള ചെറുതുരുത്തി-ഷൊർണൂർ റെയിൽവേ പാലത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു.മുകളിലെ ഗാർഡറുകളാണ് മാറ്റി തുടങ്ങിയത്. പുനർനിർമ്മാണം ഒന്നാം തീയതിയോടെ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷക്കുന്നതെന്ന് സൈറ്റ് എൻജിനീയർ ബിനിൽ ഭാസ്‌കർ അറിയിച്ചു. ബ്രിട്ടീഷുകാർ പണിത 13 തൂണുകളിൽ നാലു പതിറ്റാണ്ടോളം പഴക്കമുള്ള ഗാർഡറുകൾ മാറ്റി സ്ഥാപിക്കുന്നത്. മൊത്തം 14 ഗാർഡറുകളാണ് മാറ്റി സ്ഥാപിക്കും. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചവ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള രാജസ്ഥാൻ ജയ്പൂർ ആസ്ഥാനമാക്കിയുള്ള കിരൺ ഇൻഫ്ര കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 19.84 മീറ്റർ നീളവും 2.5 മീറ്റർ വീതിയും 37 ടൺ തൂക്കവും വരുന്ന 14 ഗാർഡറുകൾ ആണ് സ്ഥാപിക്കുന്നത്. ഇതിൽ 5 ഗാർഡറുകൾ ഇന്നലെമാറ്റി സ്ഥാപിച്ചു. ബാക്കിയുള്ളവ തിങ്കളാഴ്ച രാവിലെയും ഒന്നാം തീയതിയുമായി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഗാർഡറുകൾ മാറ്റി സ്ഥാപിക്കുന്നതിന് ട്രെയിൻ ഗതാഗതം ഒരു ദിവസം നാലു മണിക്കൂർ നിർത്തിവക്കും ശേഷം വീണ്ടും ഗതാഗതം പുനസ്ഥാപിക്കും. ഇങ്ങനെ നാലു ദിവസങ്ങളിൽ ആയിട്ടാണ് പണി നടക്കുന്നത്.