കൊടുങ്ങല്ലൂർ: കാനയിൽ ചളി നിറഞ്ഞ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച നിലയിൽ. കീഴ്ത്തളിയിൽ നിന്നും കോട്ടപ്പുറം പുഴയിലേക്ക് ഒഴുകിപ്പോകുന്ന കാനയിലാണ് ചെളി നിറഞ്ഞ മിശ്രിതം അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടത്. മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശം ദുർഗന്ധപൂരിതമാണ്. നഗരസഭയിലെ 25-ാം വാർഡിൽ കോട്ടപ്പുറം പാലത്തിന് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. ദേശീയപാതയിൽ പുതിയ പാലം നിർമ്മാണത്തിന്റെ ഭാഗമായി തൂണുകൾ സ്ഥാപിക്കുന്നതിനായാണ് പൈലിംഗ് നടത്തുന്നത്. യന്ത്രമുപയോഗിച്ച് ആഴത്തിൽ കുഴിക്കുമ്പോൾ പുറത്ത് വരുന്ന ചളി നിറഞ്ഞ മിശ്രിതമാണ് ടാങ്കർ ലോറിയിൽ നിറച്ച് കാനയിൽ കൊണ്ടുവന്ന് തള്ളുന്നതെന്നാണ് ആക്ഷേപം. മാലിന്യം നിറഞ്ഞതിനാൽ കീഴ്ത്തളി പ്രദേശത്ത് നിന്നും കോട്ടപ്പുറം പുഴയിലേക്ക് വെള്ളമൊഴുകിപ്പോകുന്ന കാനയിലെ നീരൊഴുക്ക് തടസപ്പെട്ടു. പുഴയിൽ മാലിന്യം കലർന്നതിനാൽ കൂട് മത്സ്യകൃഷി നശിച്ചതായും പരാതിയുണ്ട്.
പിന്നിൽ ദേശീയപാത നിർമ്മാണ കമ്പനിയെന്ന് നാട്ടുകാർ
സംഭവത്തിന് പിന്നിൽ ദേശീയപാത നിർമ്മാണക്കമ്പനിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അവർ പുഴ മലിനമാക്കുകയും പുഴയിലെ കൂട് മത്സ്യകൃഷി നശിപ്പിച്ചതായും പരാതിയുണ്ട്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന പാലം പൈലിംഗ് അവശിഷ്ടം കാനയിലേക്ക് തള്ളിയത് മൂലം പുഴ മലിനമാകുകയും പ്രദേശത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്നതായുമാണ് പരാതി. കായലിലെ മത്സ്യപ്രജനനവും ആവാസ വ്യവസ്ഥയും ഇതുമൂലം താളംതെറ്റിയെന്നും ആക്ഷേപമുണ്ട്.
ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിൽ നിർമ്മാണാവശിഷ്ടങ്ങൾ കാനയിൽ തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണം. ഇതിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
- വി.എം. ജോണി
(വാർഡ് കൗൺസിലർ)