fire


ചാലക്കുടി: ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യക്കൂമ്പാരത്തിൽ വൻ അഗ്‌നിബാധ. ഹരിത കർമ്മ സേനാ പ്രവർത്തകർ വീടുകളിൽ നിന്നും ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്ന വിവിധ പ്ലാസ്റ്റിക് ഉപയോഗ രഹിത വസ്തുക്കളും ആയിരക്കണക്കിന് ചില്ല് കുപ്പികളുമാണ് രണ്ടുമണിക്കൂറോളം നീണ്ട തീ പിടിത്തത്തിൽ കത്തിനശിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
മിനി ലോറിയിലെത്തിയ കുപ്പികൾ ജീവനക്കാർ ഇറക്കുന്നതിനിടയിലാണ് തീ പിടർന്നത്. ഉയർന്ന താപനിലയിൽ കുപ്പികൾ തമ്മിൽ കൂട്ടിയുരസിയാണ് തീപിടിച്ചതെന്ന് പ്രാഥമിക നിഗമനം. തീ പെട്ടന്ന് തന്നെ ആളിപ്പടർന്നു. ഇൻഡോർ സ്റ്റേഡിയത്തിലെ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം പ്രവർത്തിക്കാൻ ആർക്കും അറിയാതിരുന്നതാണ് അഗ്നിബാധ രൂക്ഷമാകാൻ കാരണം. ഫയർ ആൻഡ് സേഫ്റ്റി സംവിധാനം പ്രവർത്തനരീതി എങ്ങനെയെന്ന് സ്ഥലത്തെത്തിയ നഗരസഭ ചെയർമാനും മറ്റു ഉദ്യോഗസ്ഥർക്കും അറിവില്ലായിരുന്നു. ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, അങ്കമാലി, മാള എന്നീ സ്റ്റേഷനുകളിൽ നിന്നുമെത്തിയ ഫയർ സർവീസുകൾ തീ അണച്ചു. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റീസിൽ ജോലിചെയ്യുന്ന ഇരുപതോളം തൊഴിലാളികളും തീ അടക്കാൻ ശ്രമിച്ചു. പ്രധാനമായും ചില്ല് കുപ്പികളാണ് കത്തി നശിച്ചത്. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക് സാമഗ്രികളിലേക്കും അഗ്‌നി പടർന്നു. ഉച്ച സമയമായിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമായി. ഉയർന്ന പുക പരിസരത്താകെ പടർന്നു. എം.സി.എഫിന് 100 മീറ്റർ അകലെ പാചകവാതക സിലിണ്ടർ സ്റ്റേഷൻ ഉള്ളതിനാൽ ഏറെ ആശങ്കയുണ്ടാക്കി. പൊലീസ്, അഗ്‌നിശമന സേന വിഭാഗം എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.