s

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തീപാറും പ്രചാരണം കണ്ടത് തൃശൂരിലായിരുന്നു. ത്രികോണമത്സരത്തിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു തൃശൂർ. തൃശൂർ പൂരവും അതേചൊല്ലിയുള്ള വിവാദങ്ങളും കരുവന്നൂർ തട്ടിപ്പ് കേസുകളിലെ ഇ.ഡി - ആദായനികുതി വകുപ്പ് അന്വേഷണങ്ങളുമെല്ലാം ചേർന്ന് കൂട്ടിക്കുഴഞ്ഞ നിലയിലായിരുന്നു തൃശൂർ. മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പം പൊടിപാറിച്ച പ്രചാരണം കണ്ടപ്പോൾ പോളിംഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കടുക്കുമെന്ന് കരുതിയവരാണേറെയും. മുന്നണി നേതൃത്വങ്ങളും സ്ഥാനാർത്ഥികളും മറിച്ച് ചിന്തിച്ചില്ല. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. തികച്ചും അപ്രതീക്ഷിതമായി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ അഞ്ച് ശതമാനത്തോളം പോളിംഗ് കുറഞ്ഞു. പോളിംഗിൽ കുറവുണ്ടായതിൻ്റെ ചങ്കിടിപ്പിലാണ് മുന്നണി നേതൃത്വം. സംസ്ഥാനത്ത് പോളിംഗ് കുറഞ്ഞതിന് ആനുപാതികമായി തൃശൂരിലും സംഭവിച്ചതിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ഒരുപോലെ ആശങ്കയുണ്ട്. 72.9 ശതമാനമാണ് തൃശൂരിലെ പോളിംഗ്. 2019ൽ 77.92 ശതമാനമായിരുന്നു.

പോളിംഗ് ഉയർന്നാൽ തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു മൂന്ന് മുന്നണികളും അവകാശപ്പെട്ടിരുന്നത്. പോളിംഗ് കുറഞ്ഞപ്പോഴും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കണക്കുകൂട്ടലുകൾ പിഴച്ചോ എന്ന ആശങ്ക ശേഷിക്കുന്നുണ്ട്. പുതുക്കാട് നിയമസഭാ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്, 76.74ശതമാനം. തൃശൂരിലാണ് ഏറ്റവും കുറവ്, 69.67 ശതമാനം. ഓരോ മണ്ഡലത്തിലെയും ഏറ്റക്കുറച്ചിലുകൾ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് മുന്നണി നേതൃത്വം. 2014ൽ 72.17 ശതമാനം പോളിംഗ് ഉണ്ടായിരുന്നപ്പോൾ ഇടതിനായിരുന്നു വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോളിംഗ് കുത്തനെ ഉയർന്നപ്പോൾ യു.ഡി.എഫിനും.

അടിയൊഴുക്കുകളേറെ

കരുവന്നൂർ മുതൽ തൃശൂർ പൂരവിവാദവും പോളിംഗ് ദിനത്തിലുണ്ടായ കള്ളവോട്ട് ആരോപണവും വരെ തൃശൂരിലെ ഫലത്തെ സ്വാധീനിച്ചേക്കും. അടിയൊഴുക്കുകളിലാണ് മൂന്ന് മുന്നണികളുടെയും ആശങ്ക. പോളിംഗ് ശതമാനത്തിലെ വ്യത്യാസം അനുകൂലമാകുമെന്ന് മുന്നണികൾ വിശ്വസിക്കുമ്പോഴും കൂട്ടിയും കിഴിച്ചും വിലയിരുത്തൽ തുടരുകയാണ് നേതൃത്വം. ജൂൺ നാലുവരെയത് തുടരും.

പോളിംഗ് സമാധാനപരമായതിലുള്ള ആശ്വാസത്തിലാണ് മുന്നണി നേതൃത്വവും സ്ഥാനാർത്ഥികളും പ്രകടിപ്പിക്കുന്നത്. 13 നിയോജക മണ്ഡലങ്ങളുടെ നിരീക്ഷണത്തിന് 13 ടെലിവിഷനും പ്രശ്‌നബാധിത ബൂത്തുകളുടെ പ്രത്യേക നിരീക്ഷണത്തിന് അഞ്ചെണ്ണവും ഒരുക്കിയിരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി 23 ജീവനക്കാരാണ് പ്രവർത്തിച്ചത്. കൺട്രോൾ റൂമിൽ സജ്ജമാക്കിയ കോൾ സെന്റർ മുഖേനയും ആശയവിനിമയം നടത്തി പ്രശ്‌നങ്ങൾ പരിഹരിച്ചു. തിരഞ്ഞെടുപ്പ് തലേന്ന് മുതൽ ആരംഭിച്ച കൺട്രോൾ റൂം പ്രവർത്തനം പോളിംഗ് അവസാനിച്ച ശേഷം വോട്ടിംഗ് സാമഗ്രികൾ സ്‌ട്രോംഗ് റൂമിലെത്തുന്നത് വരെയുള്ള പ്രവർത്തനം ഏകോപിച്ച ശേഷമാണ് അവസാനിച്ചത്.

ചൂടിൽ പോളിംഗ്

കുറഞ്ഞു?

പാലക്കാട് കഴിഞ്ഞാൽ ചൂടേറിയ ജില്ലയായതിനാൽ വോട്ട് ചെയ്യാനെത്താൻ മടിച്ചു
ബൂത്തുകളിൽ ഇരിപ്പിടവും വെള്ളവും തണലും ഒരുക്കാത്തതും തിരിച്ചടിയായി
ഇ.വി.എമ്മിൽ വോട്ടിംഗിന് കൂടുതൽ സമയമെടുത്തുവെന്ന പരാതിയും ഉയർന്നു
യന്ത്രം പണിമുടക്കിയത് മാത്രമല്ല കൂടുതൽ ബൂത്തുകൾ ഒരുക്കാത്തതും പ്രതിസന്ധിയായി. രാത്രി ഒൻപതും കടന്നാണ് പലയിടത്തും വോട്ടെടുപ്പ് പൂർത്തിയായത്. ആറിനു മുൻപ്‌ ബൂത്തിലെത്തി ടോക്കൺ കൈപ്പറ്റിയ വോട്ടർമാർക്കാണ് മണിക്കൂറുകൾ വരിനിൽക്കേണ്ടിവന്നത്. ആയിരത്തിനുമേൽ വോട്ടുകളുള്ള ബൂത്തുകളിലാണ് കൂടുതലായി വോട്ടെടുപ്പ് വൈകിയത്.

അതിനിടെ, പോളിംഗ് ശതമാനത്തിലെ കുറവ് വലിയ ചർച്ചയാണ് മുന്നണി നേതാക്കളിലുണ്ടാക്കിയത്. ക്രോസ് വോട്ടിംഗ് നടന്നുവെന്ന സംശയവുമുയരുന്നുണ്ട്. അത് ആർക്ക് അനുകൂലമായി എന്നറിയാനുള്ള കാത്തിരിപ്പിലാണവർ.

തൃശൂരിൽ ബി.ജെ.പി-സി.പി.എം. ഡീൽ നടന്നുവെന്ന കോൺഗ്രസ് ആരോപണം കേരളത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. വിവാദങ്ങൾക്കും തിരികൊളുത്തി. എന്നാൽ വോട്ടെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലിൽ തൃശൂർ ഉറപ്പാണെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. ക്രോസ് വോട്ടിനെപ്പറ്റി ആശങ്കയില്ലെന്നാണ് മൂന്ന് സ്ഥാനാർത്ഥികളും പറഞ്ഞത്. മൂന്നുപേരും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലുമാണ്.

യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. മുരളീധരൻ പ്രചാരണവേളയിൽ തന്നെ സി.പി.എം.-ബി.ജെ.പി. ഡീൽ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. കോൺഗ്രസ് നേതൃത്വവും അത് ആവർത്തിച്ചു. ജയം ഉറപ്പാണെന്ന് ആവർത്തിച്ച എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ക്രോസ്‌വോട്ട് ആരോപണം തള്ളിക്കളഞ്ഞു.

എന്തായാലും ഫലപ്രവചനവും അടിയൊഴുക്കുകളും കൂടുതൽ സങ്കീർണമാക്കുകയായിരുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗിലെ കുറവ്. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗിൽ അഞ്ച് ശതമാനത്തോളം ഇടിവുണ്ടായെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ വലിയതോതിൽ വർദ്ധനയുണ്ടായി. 7 നിയോജക മണ്ഡലങ്ങളിലായി 40,613 വോട്ടുകൾ ഇത്തവണ കൂടുതൽ പോൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10,40,512 വോട്ടുകളായിരുന്നെങ്കിൽ, ഇത്തവണ 10,81,125 വോട്ടുകളായി. വോട്ടർ പട്ടികയിൽ കന്നിവോട്ടർമാരുടെ എണ്ണം ഉയർന്നു. ഇവരുടെ വോട്ടുകൾ ആർക്കനുകൂലമാകും എന്ന ചിന്തയാണ് നേതൃത്വങ്ങൾക്കുള്ളത്.

പ്രതീക്ഷകളിലും

ഒപ്പത്തിനൊപ്പം

7 നിയോജക മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഗുരുവായൂർ, മണലൂർ, നാട്ടിക, പുതുക്കാട് മണ്ഡലങ്ങൾ ഏറെ അനുകൂലമാണെന്ന് അവർ വിലയിരുത്തുന്നു. തൃശൂരും ഒല്ലൂരും ഇരിങ്ങാലക്കുടയും മാറിചിന്തിക്കില്ലെന്നും ഇടതുമുന്നണി കരുതുന്നു. എന്നാൽ ക്രെെസ്തവസമുദായങ്ങളുടെ സ്വാധീനമുളള ഈ മണ്ഡലങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫിൻ്റെ ഉറച്ച വിശ്വാസം. തൃശൂരും മണലൂരും നാട്ടികയുമെല്ലാം അപ്രതീക്ഷിത വിജയം സമ്മാനിക്കുമെന്നാണ് എൻ.ഡി.എ കരുതുന്നത്. എന്തായാലും ആരു ജയിക്കും എന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാനാകില്ലെന്ന് ചുരുക്കം. പ്‌ളസും മൈനസും അടിയൊഴുക്കുകളുമെല്ലാം മൂന്ന് മുന്നണികളിലും തെളിഞ്ഞും തെളിയാതെയും കിടപ്പുണ്ട്. ക്ഷേത്രങ്ങളും മുസ്ലിം- ക്രിസ്ത്യൻ പളളികളും ആശ്രമങ്ങളും മഠങ്ങളുമെല്ലാം കയറിയിറങ്ങി വോട്ടുറപ്പാക്കാൻ ആദ്യം മുതൽക്കേ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടായിരുന്നു. മതസാമുദായിക പിന്തുണയില്ലാതെ തൃശൂരിൽ ആർക്കും പിടിച്ചുകയറാനാകില്ലെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വങ്ങൾ.

സ്ഥിരമായി ഒരു മുന്നണിക്കൊപ്പം നിൽക്കാത്ത തൃശൂരിൽ അതിനാൽ ഫലപ്രഖ്യാപനം വരെ പ്രവചനാതീതമാണ്. മൂന്ന് സ്ഥാനാർത്ഥികൾക്കും പ്രതിച്ഛായയും വ്യക്തിബന്ധങ്ങളും വേണ്ടുവോളമുണ്ട്. ആരാധനകൊണ്ട് ഒപ്പം നിൽക്കുന്ന ആത്മാർത്ഥത വേണ്ടുവോളമുള്ള പ്രവർത്തകരുമുണ്ട്. വിവാദവിഷയങ്ങളും ആരോപണ - പ്രത്യാരോപണങ്ങളും ഇതുപോലെ നിറഞ്ഞ മറ്റൊരു തിരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ലെന്ന് പറയുന്നവരാണേറെയും. അനിഷ്ട സംഭവങ്ങളോ പരാതികളോ അപവാദപ്രചാരണമോ ഇല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞു എന്നതിൽ മൂന്ന് സ്ഥാനാർത്ഥികൾക്കും മുന്നണി നേതൃത്വത്തിനും ജനങ്ങൾ കൈയടി നൽകുന്നുണ്ട്.