koith

കുന്നംകുളം: കാട്ടകാമ്പാൽ മേഖലയിലെ ഏറ്റവും വലിയ കോൾപടവായ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തിൽ കൊയ്ത്ത് അവസാന ഘട്ടത്തിൽ. ആദ്യം വിളവെടുപ്പ് തുടങ്ങിയ വടക്കേപടവിൽ കൊയ്ത്ത് പൂർത്തിയായി. 650 ഏക്കർ വിസ്തൃതിയുള്ള പടവിൽ ഉമ വിത്താണ് കൃഷി ചെയ്തത്. ബണ്ടു തകർന്നതു മൂലം മാസങ്ങളോളം വൈകിയാണ് ഈ പടവിൽ ഞാറുനടീൽ തുടങ്ങിയത്. കോൾപടവ് പ്രസിഡന്റ് കെ.അനിൽകുമാർ, സെക്രട്ടറി ടി.എസ്. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ കർഷകർ അതിവേഗത്തിൽ ബണ്ടു പുനർനിർമിച്ചാണ് പാടശേഖരത്തെ വെള്ളം വറ്റിച്ച് പുഞ്ചകൃഷിയ്ക്ക് ഒരുക്കങ്ങൾ തുടങ്ങിയത്. ആദ്യം വിതച്ച വിത്തെല്ലാം മൂപ്പു കൂടി നടാൻ കഴിയാതെയായി. ഇതോടെ വീണ്ടും വിത്തു വിതച്ചാണ് കർഷകർ കൃഷിയിറക്കിയത്. ഇപ്പോൾ തെക്കേപടവിലാണ് കൊയ്ത്ത് നടക്കുന്നത്. 260 ഏക്കറാണ് ഈ പടവിലുള്ളത്. മൂന്നു ദിവസം കൊണ്ട് കൊയ്ത്ത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കർഷകർ.