കൊടുങ്ങല്ലൂർ: വടക്കെനടയിലെ ഒരു കെട്ടിടത്തിനു മുകളിൽ അനധികൃത നിർമ്മാണം നടക്കുന്നതായി ആക്ഷേപം. കെട്ടിടത്തിനു മുകളിൽ ഷീറ്റ് കൊണ്ട് മറച്ചാണ് നിർമ്മാണം നടത്തുന്നത്. പുതിയതായി ആരംഭിക്കാൻ പോകുന്ന സ്ഥാപനത്തിൽ ജോലിക്കാർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്ന രീതിയിലാണ് നിർമ്മാണം.

അടുത്തിടെയായി കെട്ടിടത്തിന്റെ താഴെയുള്ള മുറി കരസ്ഥമാക്കിയ ആൾ പാതയോരത്ത് നിൽക്കുന്ന ആൽ മരത്തിന്റെ ശിഖരം അനുവാദമില്ലാതെ മുറിച്ചു മാറ്റിയതായും ആരോപണമുണ്ട്. മുറിയുടെ നവീകരണത്തിനായി ഇറക്കിയ മണ്ണും മെറ്റലും കാൽ നടയാത്രക്കാർക്കും കെട്ടിടത്തിലെ മറ്റ് ഇടപാടുകാർക്കും മാർഗ്ഗതടസം ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.

അനധികൃത നിർമ്മാണ പ്രവൃത്തികൾ നടത്തിവരുന്നവർക്ക് ആരാണ് ഒത്താശ ചെയ്തു കൊടുക്കുന്നതെന്നാണ് സമീപത്തെ കച്ചവടക്കാരുടെയും മറ്റും ചോദ്യം. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നു.