ചാലക്കുടി: അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാര സംവിധാനങ്ങൾക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ആരോപണം. ജംഗിൾ സഫാരിക്കിടെ കഴിഞ്ഞദിവസം കാനനപാതയിൽ ആനയെ കണ്ടത് പർവതീകരിച്ച് പ്രചരിപ്പിക്കുന്നത് സഞ്ചാരികളിൽ ഭീതിയുണ്ടാക്കി പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് അധികൃതർ പറയുന്നു.

മൃഗങ്ങളെ കാണുന്നതിനായാണ് ജംഗിൾ സഫാരി, അതിൽ താത്പര്യമുള്ളവരാണ് സഫാരിക്ക് എത്തുന്നത്. വനപാലകരുടെ വാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന ചെമ്മൺ പാതയിലേക്കാണ് ആനയെത്തിയത്. പിന്നീടിത് കാട്ടിലേക്ക് കയറിപ്പോയി. ജംഗിൾ സഫാരി സംഘത്തെ ആന ആക്രമിക്കാൻ പോയെന്ന വിധം ഈ സംഭവത്തെ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്നാണ് വനപാലകരുടെ സംശയം.

രണ്ടുമാസം മുൻപ് തുടങ്ങിയ ജംഗിൾ സഫാരി ഇല്ലാതാക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായും വനപാലകർ സംശയിക്കുന്നു. ആക്രമണകാരികളായ മൃഗങ്ങൾ ഇല്ലാത്ത വനപ്രദേശത്താണ് ജംഗിൾ സഫാരി നടത്തുന്നത്. തുടക്കത്തിലേ കുപ്രചാരണമുണ്ടായാൽ മുളയിലേ പദ്ധതി അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വനംവകുപ്പ്. അസഹ്യമായ ചൂടിൽ മൃഗങ്ങൾ കാട് വിട്ടിറങ്ങുന്നത് അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികൾക്ക് ഭീഷണിയാകുന്നുണ്ട്. ഇതിനിടെയാണ് വനപാലകരുടെയും ഗൈഡിന്റെയും നേതൃത്വത്തിൽ നടക്കുന്ന ജംഗിൾ സഫാരിക്കെതിരെയും പ്രചാരണം നടക്കുന്നത്.

മനം കുളിർപ്പിച്ച് ജംഗിൾ സഫാരി

ചാലക്കുടിപ്പുഴയുടെ മറുകരയിലെ പ്ലാന്റേഷനിലെ പതിനഞ്ചാം ബ്ലോക്കിൽ നിന്നാണ് നാലര മണിക്കൂർ നീളുന്ന ജംഗിൾ സഫാരി തുടങ്ങുക. വനപാലകരുടെ വാഹനത്തിൽ പുഴയോട് ചേർന്നുള്ള കാട്ടുപാതയിലൂടെ സഞ്ചരിച്ച് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ എറണാകുളം ജില്ലയിലുള്ള ഭാഗത്ത് എത്തിച്ചേരുന്നതാണ് യാത്ര. കുന്നിൻ മുകളിലും താഴെയും മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ആനക്കല്ല് ഫോറസ്റ്റ് ക്യാമ്പിലെത്തും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പകുതിഭാഗവും മറുകരയിലാണ്. ഇവിടെ നിന്നുള്ള വെള്ളച്ചാട്ടദൃശ്യം അതീവ ദൃശ്യമനോഹരമാണ്. ഏറുമാടത്തിലെ വിശ്രമവും ലഘുഭക്ഷണവും കഴിഞ്ഞ് മൂന്നാം ബ്ലോക്കിലൂടെ തിരിച്ചെത്തുന്ന ജംഗിൾ സഫാരിയിലേക്ക് ആറുപേർക്ക് പതിനായിരം രൂപയാണ് ഈടാക്കുന്നത്.