പേരാമംഗലം: കനത്ത ചൂടിൽ ഷോർട്ട് സർക്യൂട്ട് മൂലം തെച്ചിക്കോട്ടുകാവ്‌ ക്ഷേത്രമൈതാനത്ത് നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു. പേരാമംഗലം മനപ്പടി സ്വദേശി തടത്തിൽ കണ്ണന്റെ കാറിനാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. ബന്ധുവിന്റെ മകളുടെ വിവാഹത്തിന് എത്തിയതായിരുന്നു കണ്ണൻ. ക്ഷേത്രമൈതാനത്ത് വാഹനം നിറുത്തിയിട്ട് വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. കാറിൽ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാ‌ർ അടുത്തത്തിയപ്പോൾ തീ പെട്ടെന്ന് ആളിക്കത്തി. ഓടിക്കൂടിയ നാട്ടുകാരും വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയവരും ചേർന്ന് ആനപറമ്പിൽ നിന്നും വെള്ളം കൊണ്ടുവന്ന് തീയണയ്ക്കുകയായിരുന്നു. കാറിന്റെ മുൻവശം അടക്കം കത്തിനശിച്ചു.