തൃശൂർ: കൊടുംചൂടിൽ കതിരുറയ്ക്കാതെ ഉണങ്ങിയതോടെ നൂറേക്കറിലേറെ കോൾപ്പാടത്ത് വൻകൃഷിനാശം. പുല്ലഴി കോളിൽ കഴിഞ്ഞ വർഷത്തേക്കാൾ 20 ലോഡ് നെല്ല് കുറവാണ്. പതിരായി നിൽക്കുന്നത് പത്തേക്കറോളം കൃഷിയിടമാണ്. നെല്ല് മുഴുവൻ പതിരാകുകയും വയ്ക്കോൽ ഉപയോഗശൂന്യമാകുകയും ചെയ്തതോടെ അയ്യന്തോൾ പന്നിക്കര കിണി കോൾപ്പടവിലെ 40 ഏക്കർ നെൽക്കൃഷി കത്തിച്ചു കളയാനേ കഴിയൂവെന്നാണ് കർഷകർ പറയുന്നത്.
പതിരായതോടെ കൊയ്ത്തിനുവേണ്ടി പണം മുടക്കിയാൽതന്നെ ഒന്നും കിട്ടാനുണ്ടാകില്ലെന്ന് കർഷകർ വേദനയോടെ പറയുന്നു. കുളവാഴയും ചണ്ടിയും കാരണം കൃഷി തുടങ്ങാൻ വൈകിയിരുന്നു. ഡിസംബർ - ജനുവരി മാസങ്ങളിൽ തുടങ്ങിയ കൃഷിയിടം മാർച്ച് ആകുമ്പോഴേക്കും വറ്റി വരണ്ടിരുന്നു. കതിരിടുന്ന സമയത്ത് വെള്ളമില്ലാത്തതിനാൽ നെല്ല് പതിരായി. ഭൂരിഭാഗം കർഷകരും വായ്പ വാങ്ങിയാണ് കൃഷി നടത്തിയത്. ലക്ഷങ്ങൾ മുടക്കി സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരും ഉണ്ട്. കൃഷി ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.
കൊയ്ത്തു കഴിഞ്ഞ് നെല്ലെടുക്കാൻ സപ്ലൈകോ ചുമതലപ്പെടുത്തിയതനുസരിച്ച് സ്വകാര്യ മില്ലുകാർ എത്തിയില്ലെന്ന് പരാതിയുമുണ്ട്. മില്ലുകാർ എത്തിയാലും അവരുടെ പ്രാഥമിക പരിശോധനകളും മറ്റും നടത്തി രണ്ടുദിവസം കഴിഞ്ഞാണ് മില്ലുകാർ തൂക്കിയെടുക്കുകയുള്ളൂവെന്നും കർഷകർ പറയുന്നു.
കീടനാശിനിയും ഏറ്റില്ല
കൃഷിവകുപ്പിന്റെ നിർദ്ദേശപ്രകാരം വിവിധ കീടനാശിനികൾ പ്രയോഗിച്ചെങ്കിലും ഇതിന്റെ ഗുണമേൻമ കുറവായതിനാൽ ഫലം ചെയ്തില്ലെന്ന് കർഷകർ പരാതിപ്പെട്ടു. കീടബാധ കൂടുകയും കതിരിന് ബലം കിട്ടാതെ വരികയും ചെയ്തത് തിരിച്ചടിയായി.
ജനുവരി മുതൽ കീടനാശിനി പ്രയാേഗം തുടങ്ങിയിരുന്നു. അതിനിടെ വെള്ളത്തിന് ക്ഷാമമായതും പ്രതിസന്ധിയായി. കീടനാശിനികളുടെ ഗുണനിലവാരത്തെക്കുറിച്ച് പരിശാേധിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിവകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും കർഷകർ ആവശ്യമുയർത്തിയിട്ടുണ്ട്. രോഗം നെല്ലിന്റെ വിളവിനെ മാത്രമല്ല വയ്ക്കോലിനെയും ബാധിച്ചു.
പച്ചക്കറിയും കരിഞ്ഞു
കനത്ത ചൂടും രോഗബാധയും പച്ചക്കറിക്കൃഷിയും നശിക്കുന്നുണ്ട്. പാടങ്ങളിലും പറമ്പുകളിലും കൃഷി ചെയ്ത പയർ, വെണ്ട, വെള്ളരി, ചീര, കുമ്പളം, മത്തൻ തുടങ്ങിയവയാണ് ഫംഗസ് രോഗം കാരണം നശിക്കുന്നത്. വെള്ളക്ഷാമവും രൂക്ഷമാണ്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചാലും നഷ്ടപരിഹാരമായി സഹായധനം നൽകാൻ വകുപ്പില്ലെന്നാണ് കർഷകർക്ക് ലഭിക്കുന്ന മറുപടി.
- പുല്ലഴിപ്പാടം വിസ്തൃതി: 900 ഏക്കർ
- കഴിഞ്ഞവർഷം കിട്ടിയത്: 185 ലോഡ് നെല്ല്
- ഈ വർഷം: 165 ലോഡ്
- കൊയ്ത്തുയന്ത്രത്തിന് ഒരുമണിക്കൂറിന് വാടക: 2500
- ഏക്കറിന് ചെലവ് : 40,000
മുൻ വേനലിനേക്കാൾ കടുത്ത ചൂടാണ് കോളിലെ കൃഷി നശിപ്പിച്ചത്. നെല്ല് പതിരായതോടെ കൊയ്ത്തിന്റെ ചെലവ് കൂടി നഷ്ടമാകുമെന്ന അവസ്ഥയാണ്.- കൊളങ്ങാട്ട് ഗോപിനാഥൻ, പുല്ലഴി കോൾപ്പടവ് സഹകരണ സംഘം പ്രസിഡന്റ്