1
കോട്ടയ്ക്കൽ സന്തോഷ്

തൃശൂർ: തൃശൂർ കഥകളി ക്ലബ്ബിന്റെ 59-ാം വാർഷികവും കഥകളി രംഗോത്സവവും മേയ് 2, 3, 4 തീയതികളിൽ റീജ്യണൽ തിയറ്ററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് കലാമണ്ഡലം ഗോപി ഉദ്ഘാടനം നിർവഹിക്കും. ഇ.ടി. നീലകണ്ഠമൂസ് അദ്ധ്യക്ഷനാകും. കലാമണ്ഡലം രാജശേഖരൻ, ഡോ. കെ.എൻ. പിഷാരടി സ്മാരക സുവർണമുദ്ര സമ്മാനിക്കും. സോവനീർ പ്രകാശനം അഡ്വ. എ.യു. രഘുരാമപണിക്കർ നിർവഹിക്കും. മൂന്നിന് വൈകിട്ട് മൂന്നിന് ചിന്താവിഷ്ടയായ സീത കഥകളി രൂപത്തിൽ അവതരിപ്പിക്കും. തുടർന്ന് ടി. കൃഷ്ണൻകുട്ടി മേനോൻ അനുസ്മരണം കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് മൂന്നിന് വാർഷികാഘോഷം കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.പി. രാധകൃഷ്ണൻ അദ്ധ്യക്ഷനാകും. എൽ.എസ്.വി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ യുവ കഥകളി പുരസ്‌കാരം കോട്ടയ്ക്കൽ സന്തോഷിന് ചടങ്ങിൽ സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ കെ.പി. രാധാകൃഷ്ണൻ, പ്രശാന്ത് മേനോൻ, കെ. രാജീവ്, അഡ്വ. സി.കെ. നാരായണൻ നമ്പൂതിരി, നന്ദകുമാർ മേനോൻ എന്നിവർ പങ്കെടുത്തു.