പുത്തൻചിറ : ഉപ്പ് വെള്ളം കയറി ചേന്നംകരി കല്ലന്തറ പാടത്ത് നശിച്ചത് വിളവെടുപ്പിന് പാകമായ അമ്പതേക്കറോളം സ്ഥലത്തെ നെൽക്കൃഷി. കരിങ്ങോൾചിറയിലെ ബണ്ട് യഥാസമയം കെട്ടാതിരുന്നത് മൂലമാണ് ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നതിന് ഇടയാക്കിയത്. മുപ്പതോളം കർഷകരാണ് ചേന്നംകരി കല്ലന്തറ പാടശേഖരത്തിലുള്ളത്. 50 ഏക്കറോളം സ്ഥലത്ത് ഉമ നെൽവിത്താണ് കൃഷി ഇറക്കിയിരുന്നത്. 120 ദിവസം പ്രായമുള്ളതാണ് ഉമ നെൽവിത്ത്. വിളവെടുപ്പിന് പാകമായ കതിർ വന്ന അവസ്ഥയിലുള്ള നെൽക്കൃഷിയാണ് നശിച്ചത്. വാഴ, ജാതി കൃഷിക്കും നാശം സംഭവിച്ചു. ഭൂരിഭാഗം കർഷകരും ലോണെടുത്തും പണം കടം വാങ്ങിയുമാണ് കൃഷിയിറക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് ഉണ്ടായിട്ടുള്ളത്. മിക്ക കർഷകർക്കും ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിക്കില്ല എന്നാണ് അറിയുന്നത്.
ഡിസംബറിൽ ശക്തമായ മഴയിൽ വെള്ളത്തിന്റെ തോത് ക്രമാതീതമായി ഉയർന്നപ്പോൾ ചില പാടശേഖരങ്ങളിലെ കർഷകരുടെ ആവശ്യപ്രകാരം കരിങ്ങോൾചിറയിലെ ബണ്ട് പൊട്ടിക്കുകയായിരുന്നു. എന്നാൽ പിന്നീടത് പുനർനിർമ്മിക്കുന്നതിന് സമയമെടുത്തു. പുനർനിർമ്മിച്ചപ്പോഴേക്കും കൃഷിയിടങ്ങളിൽ ഉപ്പ് വെള്ളം കയറിയിരുന്നു. എന്നാൽ ഇതറിയാതെ കർഷകർ ഈ വെള്ളം നെൽക്കൃഷിക്കായി ഉപയോഗിക്കുകയായിരുന്നു. ഇതാണ് നെൽക്കൃഷി നാശത്തിന് വഴിവച്ചത്. സാധാരണ ഡിസംബർ മാസത്തിൽ കെട്ടാറുള്ള ബണ്ട് ഇപ്രാവശ്യം മാർച്ച് ആദ്യ ആഴ്ചയിലാണ് നിർമ്മിച്ചതെന്ന് കർഷകർ പറയുന്നു. കൃഷി നാശത്തെത്തുടർന്ന് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മേരി വിജയയും മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാടശേഖരം സന്ദർശിച്ചു. ഉപ്പ് വെള്ളം കയറിയതിനാൽ ഇനി ഈ പ്രദേശത്ത് നാല് വർഷത്തിന് ശേഷം മാത്രമെ കൃഷി ഇറക്കാൻ കഴിയൂ. മണ്ണിലെ ഉപ്പിന്റെ അംശം പോകാൻ നാലുവർഷമെടുക്കുമെന്നാണ് കർഷകർ പറയുന്നത്.
കരിങ്ങോൾചിറയിൽ സ്ഥിരമായുള്ള ഷട്ടർ സംവിധാനമേർപ്പെടുത്തണം. എന്നാൽ മാത്രമേ ഉപ്പ് വെള്ളം കയറിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകു.
-സി.കെ. ബൈജു
(കർഷകൻ)
ശക്തമായ മഴമൂലമുള്ള കൃഷിനാശവും വെള്ളക്കെട്ടും ഒഴിവാക്കുന്നതിനായാണ് കെട്ടിയ ബണ്ട് ദിവസങ്ങൾക്കുള്ളിൽ പൊളിച്ചു മാറ്റിയത്. ബണ്ട് കെട്ടാൻ സ്വാഭാവികമായി വേണ്ടിവരുന്ന കാലതാമസമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. കർഷകർക്കുണ്ടായ കൃഷിനാശത്തിന് സർക്കാരിൽ നിന്നും പരമാവധി സഹായം വാങ്ങി നൽകുന്നതിന് പഞ്ചായത്ത് ശ്രമിക്കും. നെയ്തക്കുടിയിൽ സ്ലൂയിസ് വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
-റോമി ബേബി
(പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ്)