കൊടുങ്ങല്ലൂർ : പുല്ലൂറ്റ് വി.കെ.രാജൻ മെമ്മോറിയൽ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ്ണ ജൂബിലിയുടെ നിറവിൽ. മുൻമന്ത്രി വി.കെ.രാജന്റെ നേതൃത്വത്തിൽ സുമനസുകളായ കുറച്ചുപേരുടെ ശ്രമഫലമായാണ് 1974ൽ ഈ സ്‌കൂൾ സ്ഥാപിതമായത്. ഹൈടെക് പഠന നിലവാരത്തിലെത്തി നിൽക്കുകയാണ് ഈ വിദ്യാലയം. എസ്.എസ്.എൽ.സിക്കും, പ്ലസ് ടു വിനും തുടർച്ചയായി ഉന്നത വിജയം കൈവരിക്കാറുള്ള ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവുപുലർത്തുന്നു.
എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്‌സ്, സൗഹൃദ ക്ലബ് എന്നീ വിവിധ ക്ലബ്ബുകൾ സ്‌കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നു. വരുന്ന സെപ്‌തംബർ വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കും. മുൻമന്ത്രി വി.കെ.രാജന്റെ പത്‌നി സതി ടീച്ചർ ഭദ്രദീപം കൊളുത്തും. കെ.കെ.ടി.എം കോളേജ് പ്രിൻസിപ്പൽ ഡോ.ബിന്ദു ശർമിള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
എം.ഇ.എസ് അസ്മാബി കോളേജ് റിട്ട. പ്രൊഫ.വി.ആർ.ജയലക്ഷ്മി വിശിഷ്ടാതിഥിയാകും. റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സുജാത രഘുനാഥ് മുഖ്യാതിഥിയാകും. സ്വാഗതസംഘം കൺവീനർ ടി.എ.നൗഷാദ് അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന് ശേഷം ഡി.ജെ പരിപാടിയുണ്ടാകും.