kudi-vellam

കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണ പ്രവൃത്തികൾക്കിടയിൽ പൈപ്പ് പൊട്ടലിനെ തുടർന്ന് ജലവിതരണം മുടങ്ങുന്നതിനെ തുടർന്ന് വി.പി.തുരുത്ത് നിവാസികൾ കടുത്ത ദുരിതത്തിൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന കാന നിർമ്മാണത്തിനിടയിലാണ് ഇടയ്ക്കിടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം താറുമാറാകുന്നത്.

കോട്ടപ്പുറം പാലത്തിന്റെ പ്രധാനഭാഗത്താണ് പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നത്. പൈപ്പ് പൊട്ടി വരുന്ന വെള്ളം പരിസരമാകെ പരന്നൊഴുകി പുഴയിലേക്ക് പോകുന്നു. എറണാകുളം, തൃശൂർ ജില്ലാ അതിർത്തി പങ്കിടുന്ന പ്രദേശമാണ് നഗരസഭയിലെ കോട്ടപ്പുറം വി.പി.തുരുത്ത്.

വെള്ളത്താൽ ചുറ്റപ്പെട്ട വി.പി.തുരുത്തിലുള്ളവരെല്ലാം വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ള 550 കുടുംബങ്ങളാണ് താമസിക്കുന്നത്. ജെ.സി.ബി ഉപയോഗിച്ചുള്ള കാന നിർമ്മാണത്തിലാണ് പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത്. ജെ.സി.ബി അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് മൂലമാണ് ഈ ദുരവസ്ഥയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജോലിക്കാർ ജോലിക്കിടയിലും മൊബെൽ ഫോണിലാണ് ശ്രദ്ധയെന്നും അതിനാലാണ് പൈപ്പ് പൊട്ടുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.