
കൊടുങ്ങല്ലൂർ : സോപാനം സംഗീത വിദ്യാലയത്തിന്റെ 15ാമത് സോപാനം സംഗീതരത്‌ന പുരസ്‌കാരം സംഗീതജ്ഞൻ പ്രൊഫ.പൊൻകുന്നം രാമചന്ദ്രന് സമ്മാനിക്കും. 15,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത കോളേജിൽ നിന്നും വിരമിച്ച പ്രൊഫ.പൊൻകുന്നം രാമചന്ദ്രനെ കർണാടക സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് തെരഞ്ഞെടുത്തത്. മേയ് 26ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന സോപാനം സംഗീതവിദ്യാലയത്തിന്റെ 20ാം വാർഷിക ആഘോഷത്തിൽ ജില്ലാ ജഡ്ജി വി.വിനിത, റിട്ടയേർഡ് ജില്ലാ ജഡ്ജി സി.കൃഷ്ണകുമാർ എന്നിവർ ചേർന്ന് പുരസ്‌കാര സമർപ്പണം നടത്തും. സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പത്‌നി ശോഭാ രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സോപാനം ഉണ്ണിക്കൃഷ്ണൻ, രക്ഷാധികാരികളായ ഡോ.കെ.കേശവൻ നമ്പൂതിരി, വി.ഐ.അഷ്‌റഫ്, ബക്കർ മേത്തല, സെക്രട്ടറി സുനിൽ പഴുപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.
പ്രൊഫ.പൊൻകുന്നം രാമചന്ദ്രൻ.