തൃശൂർ: ചെലവഴിച്ചതിന്റെ നാലിലൊന്ന് പോലും കിട്ടാത്ത സ്ഥിതിയിലാണെന്ന് കോൾ കർഷകർ. ആദ്യഘട്ടത്തിലെ ചണ്ടി പ്രശ്‌നത്തിനു പുറമെ കീടബാധ കൂടി ഉണ്ടായതാണ് വിളവ് കുറയാൻ കാരണം. ഏക്കറിൽ 600 കിലോ നെല്ല് പോലും കിട്ടുന്നില്ലെന്നും കർഷകർ പറയുന്നു.
മുല്ലശ്ശേരി, എൽത്തുരുത്ത്, മണിനാടൻ, അടാട്ട്, പൊണ്ണമൊത കോൾപ്പാടങ്ങളിലെ കർഷകർക്കാണ് പരാതിയുള്ളത്. ഇക്കുറി രണ്ടരമാസം വൈകിയാണ് കൃഷി ആരംഭിച്ചത്. സെപ്തംബറിലെ മഴയും കോൾച്ചാലുകളിലെ ചണ്ടിയും ഇതിന് കാരണമായി. കീടശല്യം വർദ്ധിച്ചതോടെ ഇത്തവണ നാലിൽ കൂടുതൽ തവണ കീടനാശിനി ഉപയോഗിക്കേണ്ടിവന്നിരുന്നത്രെ. ഇതും കൃഷിച്ചെലവ് കുത്തനെ കൂട്ടിയെന്ന് കർഷകർ പറയുന്നു.
കർഷകരുമായി ഇടതുനേതാക്കൾ ചർച്ച നടത്തി
നെൽക്കർഷകരുടെ കൃഷിനാശത്തെക്കുറിച്ച് പുല്ലഴിയിലെ കർഷകരുമായും കോൾ പടവു കമ്മിറ്റിയുമായും മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും ഇടതുനേതാക്കളും ചർച്ച നടത്തി. കൃഷിനാശത്തിന് ഇൻഷ്വറൻസ് കമ്പനികളിൽ നിന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സത്വര നടപടികളുണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രൻ, കെ. ഗോപിനാഥ്, എ.വി. പ്രദീപ്കുമാർ, ഷാജു കുണ്ടോളി, കെ. അരവിന്ദാക്ഷ മേനോൻ, പുല്ലഴി കോൾ പടവ് പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ, കെ.എൻ. രഘു, എം.കെ. ബൈജു തുടങ്ങിയവർ പങ്കെടുത്തു.
ഭാവിയിൽ കൃഷിനാശം ഒഴിവാക്കാനായി കൃഷി വകുപ്പ്, ഇറിഗേഷൻ, കെ.എൽ.ഡി.സി, കാർഷിക യൂണിവേഴ്‌സിറ്റി എന്നിവരുമായി ചർച്ചനടത്തി പരിഹാരനടപടികൾക്ക് ശ്രമിക്കും.
- വി.എസ്. സുനിൽകുമാർ