തൃശൂർ: ജില്ലയിൽ ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ജില്ലാ മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് തുടങ്ങിയവർക്കെല്ലാം കളക്ടർ ഉഷ്ണതരംഗം നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാദ്ധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി.