ചാലക്കുടി: എം.സി.എഫിലെ അഗ്‌നിബാധയിൽ ജ്വലിച്ച് നഗരസഭ കൗൺസിൽ യോഗം. എം.സി.എഫ് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിനശിച്ചത് നഗരസഭ ഭരണസമിതിയുടെ ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് യോഗത്തിൽ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് കോസ്‌മോസ് ക്ലബ്ബിനടുത്ത് കത്തിനശിച്ച പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിന് പകരം പുതിയത് നിർമ്മിക്കാൻ ഫണ്ട് ഒരുക്കിയിരുന്നു. ശേഖരണ വികേന്ദ്രീകരിച്ച് വേണമെന്നും തീരുമാനമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആർ.ആർ.എഫ് യൂണിറ്റ്് ഇതുവരേയും പ്രവർത്തന ക്ഷമമാക്കിയില്ല. വികേന്ദ്രീകരിച്ചുള്ള ഖരമാലിന്യ ശേഖരണവും പ്രാവർത്തികമായില്ല. നഗരസഭയിലെ എല്ലാ മാലിന്യങ്ങളും ഒരിടത്ത് കുന്നുകൂടിയപ്പോൾ പ്രവർത്തനം താളംതെറ്റിയെന്നും യോഗത്തിൽ ആരോപണം ഉയർന്നു. ഇതാണ് അനിഷ്ട സംഭത്തിന് ഇടയാക്കിയത്. നിലവിലെ ചെയർമാന്റെ ധാർഷ്ട്യവും അനാസ്ഥയുടെ അപകടത്തിന്റെ വ്യാപ്തി ഇരട്ടിയാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.


തനത് ഫണ്ടിൽ ശുചീകരികരണം

തനത് ഫണ്ട് ഉപയോഗിച്ച് മഴക്കാലപൂർവ ശുചീകരികരണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺ ഫണ്ട് വിനിയോഗിക്കാൻ നിർദ്ദേശമുണ്ടായതും യോഗം അംഗീകരിച്ചതും. പ്രധാന തോടുകളും കാനകളും യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ശുചീകരിക്കാൻ 15 ലക്ഷം രൂപയാണ് അനുവദിച്ചത്.
മഴക്കാല ശുചീകരണത്തിന്റെ അടിയന്തിര പ്രവർത്തനങ്ങൾക്ക് 10 താൽക്കാലിക ജീവനക്കാരെ നിയമിക്കും.
മെറ്റീരിയൽ കളക്ഷൻ സെന്ററിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് തീരമാനിച്ചു. എം.സി.എഫ് കോമ്പൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ അഗ്‌നിബാധയുണ്ടായ പശ്ചാത്തലത്തിലാണ് പ്രവർത്തനം സുഗമമാക്കാനുള്ള തീരുമാനം. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിൽ നിന്നും പ്രത്യേകാനുമതി വാങ്ങി പ്രവർത്തി നടപ്പാക്കും. മറ്റ് സ്ഥലങ്ങളിൽ എം.സി.എഫ് നിർമ്മാണത്തിനും കൗൺസിൽ യോഗം തീരുമാനിച്ചു.


ഭരണ സമിതിയിൽ ഉഷ്ണ തരംഗം
പ്രതിപക്ഷം ആയുധമാക്കി

നഗരസഭയിലെ സെക്രട്ടറി ഉൾപ്പടെ ഉദ്യോഗസ്ഥർ തന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്ന് ചെയർമാൻ എബി ജോർജ്. അടിയന്തിര ഘട്ടങ്ങളിൽ ചെയർമാൻ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾക്ക് പോലും ഉദ്യോഗസ്ഥർ പണം നൽകുന്നില്ല. കൗൺസിലിന്റെ മുൻകൂർ അനുമതി പട്ടികയിൽ ഉൾപ്പെടുന്ന പ്രവർത്തികളുടെ ഫണ്ടാണ് തടഞ്ഞു വയ്ക്കുന്നത്. ഇപ്പോൾ എം.സി.എഫിലുണ്ടായ അഗ്‌നിബാധയുടെ രക്ഷാപ്രവർത്തനത്തിൽ ജെ.സി.ബി ഉപയോഗിച്ചതിന് തന്റെ പോക്കറ്റിൽ നിന്നാണ് പണം നൽകിയതെന്നും ചെയർമാൻ പറഞ്ഞു. വീഴ്ചയിൽ ഉദ്യോഗസ്ഥരെ ശാസിക്കാൻ ശ്രമിച്ചാൽ കൗൺസിലർമാർ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ നിസഹയാവസ്ഥ തുറന്നു കാട്ടിയത് പ്രതിപക്ഷം ആയുധമാക്കി. ഇത്രയും ത്യാഗം സഹിച്ച് എന്തിനാണ് ചെയർമാൻ തൽസ്ഥാനത്ത് തുടരുന്നതെന്നും രാജി വച്ചുകൂടെയെന്നും സ്വതന്ത്ര കൗൺസിലർ വി.ജെ. ജോജി ചോദിച്ചു. തുടർന്നുള്ള വാഗ്വാദങ്ങൾക്കിടയിൽ ഭരണപക്ഷത്തുള്ളവരും ചെയർമാനെ പിന്തുണയ്ക്കാൻ മുതിരാതിരുന്നതാണ് അവർക്കിടയിലെ അസ്വസ്ഥത പ്രകടമാക്കിയത്.