1

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഉൾപ്പെടെ സംസ്ഥാനത്ത് നടന്ന തട്ടിപ്പുകൾക്കെതിരെ സമരം ശക്തമാക്കാനും നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന മോദി ഗ്യാരന്റി ഉറപ്പാക്കാനും ബി.ജെ.പി സഹകരണ സെൽ. ഇതിനായി നിക്ഷേപകരെ ഉൾപ്പെടുത്തി സമരസമിതികൾ രൂപീകരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള തൃശൂർ അർബൻ സഹകരണ ബാങ്കിലെ സ്വർണലേല തട്ടിപ്പിനെതിരെ വൈകാതെ നടത്തുന്ന സമരം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഇതിനിടെ സെല്ലിന്റെ നേതൃത്വത്തിൽ പലയിടത്തും സമരം നടത്തി.

കരുവന്നൂർ പ്രതികളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാനുള്ള നടപടിക്രമം വേഗത്തിലാക്കാനും ഇടപെടും. ഇതിനായി കൊച്ചി പി.എം.എൽ.എ കോടതിയിൽ സെല്ലിന്റെ നേതൃത്വത്തിൽ നിക്ഷേപകർ ഹർജി നൽകി. തുക നൽകാൻ തടസമില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂരിന് പുറമെ പുത്തൂർ, കുട്ടനെല്ലൂർ, പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സൊസൈറ്റി എന്നിവിടങ്ങളിലും തട്ടിപ്പുണ്ടായിട്ടുണ്ട്. സി.പി.എം നേതൃത്വത്തിലുള്ള കുട്ടനല്ലൂർ സഹകരണ ബാങ്കിൽ 100 കോടിയും സി.പി.ഐ നേതൃത്വത്തിലുള്ള പറപ്പൂക്കര പട്ടികജാതി സംഘത്തിൽ രണ്ടരക്കോടിയും പുത്തൂർ സഹകരണ ബാങ്കിൽ കോൺഗ്രസ് ഭരണകാലത്ത് 36 കോടിയും തട്ടിച്ചെന്നാണ് ആരോപണം.

പുത്തൂരിൽ ആറായിരത്തോളം നിക്ഷേപകർക്ക് പണം ലഭിക്കാനുണ്ടെന്നാണ് വിവരം. ഇവിടെ ഇ.ഡി അന്വേഷണമുണ്ടായേക്കും. നിലവിൽ സി.പി.എം ഭരണമാണ്. മുകുന്ദപുരം ഓട്ടോ സംഘം, തുമ്പൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും തട്ടിപ്പുണ്ട്. പുത്തുരും തുമ്പൂരും കോൺഗ്രസ് നേതൃത്വത്തിലാണ്. സമരത്തിനു മുമ്പിൽ സി.പി.എം മുൻ നേതാവ് കരുവന്നൂർ തട്ടിപ്പിനെതിരെ ആദ്യം പരാതിപ്പെട്ട അവിടത്തെ മുൻ ജീവനക്കാരനും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷിന്റെ നേതൃത്വത്തിലാണ് തൃശൂരിലെ സമരങ്ങൾ. നിലവിൽ ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനറാണ്. കണ്ടല, മാവേലിക്കര, കോന്നി, മാരായമുട്ടം ഉൾപ്പെടെ ഇതര ജില്ലകളിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ അതത് സ്ഥലത്തെ സഹകരണ സെല്ലുകളും സമരം ശക്തമാക്കും.