തൃശൂർ: ജില്ലയിൽ പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പാക്കാൻ ആരോഗ്യ വകുപ്പ്. കടുത്ത വരൾച്ചയ്ക്കിടെയും ഡെങ്കി ഉൾപ്പെടെ പടരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ആദ്യഘട്ടത്തിൽ ബോധവത്കരണവും അടുത്തഘട്ടം മുതൽ പിഴയും തടവും ഉൾപ്പെടെയുള്ള കർശന നടപടിയിലേക്ക് നീങ്ങും. കൊതുകുജന്യരോഗങ്ങൾക്കു കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മേയ് 25നകം പ്രത്യേക പരിശോധന നടത്തും.
ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഏതു സ്ഥാപനവും പരിസരവും നോട്ടിസ് കൂടാതെ പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും അധികാരമുണ്ട്. മേയ് മൂന്നാം വാരം മുതൽ പിഴയോടെ നിയമം നടപ്പാക്കാനാണ് ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ തീരുമാനമെന്ന് സമിതി അദ്ധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിൻസ് പറഞ്ഞു.
കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ പരമാവധി പിഴയുടെ ഇരട്ടിത്തുകയും ഒടുക്കേണ്ടിവരുമെന്ന് ഡി.എം.ഒ: ഡോ. ടി.പി. ശ്രീദേവി വ്യക്തമാക്കി. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. കെ.എൻ. സതീഷ്, ടെക്‌നിക്കൽ അസി. ഗ്രേഡ്1 പി.കെ. രാജു, മാസ് മീഡിയ ഓഫിസർ പി.എ. സന്തോഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മൂന്നുവർഷം തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും
ജലസ്രോതസ് മലിനമാക്കിയാൽ മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ 25000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാം. വിവിധ കുറ്റകൃത്യങ്ങൾക്കു 2000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ. പകർച്ചവ്യാധികൾക്കു കാരണമാകുന്ന വിധത്തിലും പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന തരത്തിലും ശുചിമുറികൾ പ്രവർത്തിപ്പിക്കൽ, പൊതുസ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം തള്ളൽ എന്നീ കുറ്റകൃത്യങ്ങൾക്കു പിഴയ്ക്കു പുറമെ തടവുശിക്ഷ കൂടി ലഭിക്കും.
പ്രധാന പിഴ
പകർച്ച വ്യാധി റിപ്പോർട്ട് ചെയ്യാതിരിക്കൽ: 10,000 വരെ
എലി, തെരുവു നായ്ക്കൾ, മറ്റു മൃഗങ്ങൾ എന്നിവ പെരുകാവുന്നവിധം മാലിന്യം കൈകാര്യം ചെയ്താൽ: 5000 വരെ
വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കണ്ടാൽ: 10,000 വരെ
തെരുവുകളിൽ മാലിന്യം തള്ളിയാൽ: 10,000 - 25,000 വരെ
ഓവുചാലിന്റെ പ്രവർത്തനം തടസപ്പെടുത്തിയാൽ: 10,000 - 30,000
അഞ്ഞൂറിലേറെ പേർക്ക് ഡെങ്കി
ജനുവരി മുതൽ 16 ആഴ്ചകളിലായി ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് 508 പേർക്ക്. ഇതിൽ അഞ്ചുപേർ മരിച്ചു. 41 പേർക്കാണ് എലിപ്പനി ബാധിച്ചത്. ഇതിൽ നാലുപേർ മരിച്ചപ്പോൾ ഹെപ്പറ്റെറ്റിസ് എ നൂറോളം പേർക്കും ബാധിച്ചു. തെക്കുംകരയിൽ ഒരു സ്ത്രീയും മരിച്ചിരുന്നു.