bus-stand
അഴീക്കോട് ബസുകൾ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു.

കൊടുങ്ങല്ലൂർ : അഴീക്കോട്- മുനമ്പം പാലം വരും, ഒപ്പം തീരദേശത്ത് ബസ് സ്റ്റാൻഡും. അഴീക്കോട്- മുനമ്പം പാലം തുറന്നാൽ വികസനക്കുതിപ്പിന്റെ ഭാഗമായി പ്രദേശത്തേക്ക് തിരക്ക് വർദ്ധിക്കും. ആ അവസരത്തിൽ ബസ് സ്റ്റാൻഡ് അനിവാര്യ ഘടകമായി മാറുമെന്ന വിലയിരുത്തലാണ് നീക്കത്തിന് പിന്നിലുള്ളത്. ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾ തീരദേശ ഹൈവേ അധികൃതരുമായി പഞ്ചായത്ത് ഭരണസമിതി, എം.എൽ.എയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ബസ് ജീവനക്കാരുടെയും പ്രദേശവാസികളുടെയും ഏറെക്കാലമായുള്ള ബസ് സ്റ്റാൻഡ് എന്ന ആശയത്തോട് അനുകൂല സമീപനമാണ് പഞ്ചായത്ത് ഭരണ സമിതി സ്വീകരിക്കുന്നതെന്നാണ് അറിയുന്നത്.
ബസ് ഉടമകളും ജീവനക്കാരും ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് അഴീക്കോട് ജെട്ടിയിലായി ബസ് സ്റ്റാൻഡ് വേണമെന്നുള്ളത്. അതിനായി അവർ അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും ഫലം ഒന്നും ഉണ്ടായിരുന്നില്ല. ഗുരുവായൂർ, തൃശൂർ, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 25 ബസുകളാണ് ദിവസവും ഇവിടെ നിന്നും സർവീസ് നടത്തുന്നത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാരുമാണ് നിത്യവും സഞ്ചരിക്കുന്നത്.ഇവിടെയെത്തുന്ന ബസുകളെല്ലാം സ്ഥലമില്ലാതെ റോഡിൽ തന്നെ നിരനിരയായി പാർക്ക് ചെയ്തുവരികയാണ്. അഴിക്കോട് ജെട്ടിയിൽ സർവീസ് അവസാനിപ്പിക്കുന്ന ബസുകൾ നിലവിൽ തിരിക്കാൻ ഉപയോഗിക്കുന്ന ചെറിയ റോഡിൽ എപ്പോഴും തിരക്കാണ്. ഒരു ബാത്ത് റൂം പോലും ഇല്ലാത്താതും ബസ് ജീവനക്കാരെ കൂടുതൽ വിഷമിപ്പിക്കുന്ന കാര്യമാണ്. ജീവനക്കാരുടെ വിശ്രമം ബസിൽ തന്നെയാണ്.

കഴിഞ്ഞ പഞ്ചായത്ത് ബഡ്ജറ്റിൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി പണം നീക്കിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ ബസ് സ്റ്റാൻഡിന്റെ ആവശ്യം വർദ്ധിക്കും.
- പി.കെ. മുഹമ്മദ്
(പ്രതിപക്ഷ നേതാവ്, എറിയാട് പഞ്ചായത്ത്).

ബസ് സ്റ്റാൻഡിന് വേണ്ടി തീരദേശ ഹൈവേ അധികൃതരുമായി ചർച്ച നടത്തിവരുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റർ മുനയ്ക്കലിലേക്ക് മാറുന്ന മുറയ്ക്ക് ഈ സ്ഥലം ബസ് സ്റ്റാൻഡായി ഉപയോഗിക്കാനും ആലോചനയിലുണ്ട്.
-കെ.പി. രാജൻ
(പ്രസിഡന്റ്, എറിയാട് പഞ്ചായത്ത്)