കുഴിക്കാട്ടുശ്ശേരി : ഗ്രാമികയും ആളൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശക്കാഴ്ച 2024 കലാ സാംസ്‌കാരികോത്സവം ഇന്ന് വൈകിട്ട് 6 മണിക്ക് കെ.ജി. ജോർജ് നഗറിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാർ കെ.ആർ. ജോജൊ അദ്ധ്യക്ഷനാകും. ചലച്ചിത്ര നടൻ വി.കെ. ശ്രീരാമൻ ഗ്രാമിക അക്കാഡമി വാർഷികം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പുരസ്‌കാര ജേതാക്കളെ ആദരിക്കും. നാളെ രാവിലെ ആരംഭിക്കുന്ന കാർന്നോര്കൂട്ടം പരിപാടിയിൽ ആളൂർ പഞ്ചായത്തിലെ 80 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾ പങ്കെടുക്കും. മുതിർന്ന പൊതുപ്രവർത്തകരായ പോൾ കോക്കാട്ട്, എൻ.കെ. ജോസഫ്, എം.എസ്. മൊയ്തീൻ, കാതറിൻ പോൾ, എടത്താട്ടിൽ മാധവൻ എന്നിവരെയും വിവിധ മേഖലകളിൽ പ്രഗത്ഭരായ കാരണവന്മാരെയും ആദരിക്കും. 3ന് വേനൽമഴ ക്യാമ്പിന്റെ സമാപനവും നാടകരാവും അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 5ന് സമാപന ദിവസം പൈതൃകോത്സവം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. 4 മണിക്ക് വിവിധ കേന്ദ്രങ്ങളിൽനിന്ന് തെയ്യം, തിറ, പൂതൻ, വട്ടമുടി, കരിങ്കാളി, കാളകളി തുടങ്ങിയ നാടൻ കലകളുടെ അകമ്പടിയോടെ വേലവരവ് പുറപ്പെടും. 16ന് ആരംഭിച്ച കുട്ടികളുടെ നാടക പരിശീലനക്കളരി മേയ് 3 വരെ തുടരും. ജില്ലാ പഞ്ചായത്ത്, മാള ബ്ലോക്ക് പഞ്ചായത്ത്, കരിന്തലക്കൂട്ടം, ഓഫ്‌സ്റ്റേജ് അന്നമനട എന്നിവയുടെ സഹകരണവും പരിപാടികൾക്കുണ്ട്. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജൊ, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, സെക്രട്ടറി ഇ.കെ. മോഹൻദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.