തൃശൂർ: കലാകാരന്മാർക്ക് സ്വതന്ത്രമായി കലാപ്രവർത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയിൽ ഇല്ലെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ. കേരള സംഗീത നാടക അക്കാഡമിയുടെ അറുപത്തിയാറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി.
കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ മുഖ്യാതിഥിയായി. കേരള സംഗീത നാടക അക്കാഡമി മുൻചെയർമാൻ സി.എൽ. ജോസിനെ ആദരിച്ചു. സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ, ലളിതകലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും അക്കാഡമി നിർവാഹക സമിതി അംഗം രേണു രാമനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് ഉസ്താദ് അഷറഫ് ഹൈദ്രോസും സോഹിനി കാരന്തും ചേർന്ന് അവതരിപ്പിച്ച സൂഫി കഥക് അരങ്ങേറി.
രാഷ്ട്രത്തെ പുനർനിർമ്മിച്ച് ഒരു ഏകശിലാസമൂഹം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി സാഹിത്യം, നാടകം, സിനിമ എന്നിവയെയാണ് കൂടുതലായി ഉപയോഗിക്കുന്നത്.
- എൻ.എസ്. മാധവൻ