v-joy

വർക്കല: നാടെങ്ങും പൊതുയോഗങ്ങളും മുന്നണി സ്ഥാനാർത്ഥികളുടെ പര്യടനവുമൊക്കെയായി തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നു.പ്രചാരണത്തിൽ പുത്തൻ ട്രെൻഡുകൾ കാമ്പെയിനുകളാക്കുന്നതിൽ ഇടത് സ്ഥാനാർത്ഥി വി.ജോയി വ്യത്യസ്തത പുലർത്തുന്നുണ്ട്.'തീരമാകെ ജോയ്,ഊരറിഞ്ഞു ജോയ്,ജോയ് ടൈം,ജോയ്ഫുൾ കാമ്പസ് ' എന്നിവ സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥിയെ ബ്രാൻഡാക്കി മാറ്റി.

പുരോഗമന കലാസാഹിത്യ സംഘം വിളപ്പിൽ മേഖലാ കമ്മിറ്റി ഇന്നലെ ജോയ് ക്യാൻവാസ് കാമ്പെയിൻ പേയാട് ജംഗ്ഷനിൽ സംഘടിപ്പിച്ചു.ചിത്രകാരായ പ്രദീപ്‌ പേയാട്,ശാലിനി അലക്സ്,ജിഷിമോൾ,സുരേഷ് എന്നിവർ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു. സ്ഥാനാർത്ഥിയുടെ പടവും ചിഹ്‌നവും സമകാലിക രാഷ്ട്രീയ വിഷയങ്ങളും ജോയ് ക്യാൻവാസിൽ ഇടംപിടിച്ചു. ചിറയിൻകീഴിലെയും ആറ്റിങ്ങലിലെയും വിവിധയിടങ്ങളിൽ വി.ജോയി സന്ദർശിച്ചു.ഇന്ന് വാമനപുരം മണ്ഡലത്തിലാണ് പര്യടനം.

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ അടൂർ പ്രകാശ് ഇന്നലെ സന്ദർശനം നടത്തി.ചെമ്പൂർ,അയിലം,ചെക്കാലവിളാകം,അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തേമ്പാംമൂട് ജംഗ്ഷൻ സന്ദർശനത്തോടെയാണ് ഇന്നത്തെ പ്രചാരണം ആരംഭിക്കുന്നത്.പനവൂർ,ചുള്ളിമാനൂർ,നന്ദിയോട്,പാലോട്,പാങ്ങോട് എന്നിവിടങ്ങളിലും പര്യടനം നടത്തും.

വെള്ളനാട് ഭഗവതി ക്ഷേത്രദർശനത്തോടെയാണ് വി. മുരളീധരൻ പ്രചാരണം ആരംഭിച്ചത്.കരുവന്നൂർ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് വി.മുരളീധരൻ ആറ്റിങ്ങലിൽ പത്രസമ്മേളനം നടത്തി. കടമെടുപ്പ് വിഷയത്തിൽ ഭരണഘടനാവിരുദ്ധമായി കേന്ദ്രസർക്കാർ ഇടപെട്ടിട്ടില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. നെല്ലനാട് ടാർപ്ലാന്റ് സമരവേദിയിലും സന്ദർശനം നടത്തി. മലയിൻകീഴിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.അഞ്ചുതെങ്ങ് പൂന്തുറ കടലാക്രമണ മേഖലയും സന്ദർശിച്ചു.