v-joy

വർക്കല: ബുദ്ധിമുട്ടുകളും വിഷമതകളും പങ്കുവയ്‌ക്കുന്ന വോട്ടർമാരെ ചേർത്തണച്ചും പിഞ്ചുകുട്ടികളെ ഓമനിച്ചും ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് ശ്രദ്ധ പതിപ്പിക്കുകയാണ്. പൊതുവിഷയങ്ങളിൽ ഇടപെടൽ നടത്തി സ്നേഹത്തിന്റെയും കരുതലിന്റെയും രാഷ്‌ട്രീയമാണ് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് മുന്നിലേക്ക് വയ്‌ക്കുന്നത്‌.

വാമനപുരം മിതൃമ്മലയിൽ നിന്നാണ് കഴിഞ്ഞദിവസത്തെ വി.ജോയിയുടെ പര്യടനം ആരംഭിച്ചത്. നീറുമൺകടവ്,തെങ്ങുംകോട്,കുറുമ്പയം,കല്ലറ,തറട്ട,കാഞ്ഞിരംപാറ,കളമച്ചൽ,നെല്ലനാട്,വെഞ്ഞാറമൂട് തുടങ്ങി 40 ഓളം കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. വലിയകട്ടയ്‌ക്കൽ ജംഗ്ഷനിൽ രാത്രിയോടെ പര്യടനം സമാപിച്ചു. നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും.രാവിലെ 8ന് പൊട്ടക്കുഴി എ.കെ.ജി സ്മാരകത്തിലും തലസ്ഥാനത്തെ നവോത്ഥാന നായകരുടെയും രക്തസാക്ഷികളുടെയും സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തും. വി.എസ്.അച്ചുതാനന്ദന്റെ വസതിയിലെത്തി അനുഗ്രഹം തേടിയശേഷം മുതിർന്ന നേതാക്കൾക്കൊപ്പം കളക്ടട്രേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ലയിലെ ചുമട്ടുതൊഴിലാളികളാണ് ജോയിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവയ്ക്കുന്നതിനുള്ള തുക സമാഹരിച്ചു നൽകിയിട്ടുള്ളത്. കഠിനംകുളം പുത്തൻതോപ്പിൽ ഇന്ന് നടക്കുന്ന എൽ.ഡി.എഫ് പൊതുയോഗം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.

നാളെയാണ് അടൂർ പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. വാമനപുരം നിയോജകമണ്ഡലത്തിലെ തേമ്പാംമൂട് ജംഗ്ഷൻ സന്ദർശനത്തോടെയാണ് അടൂർ പ്രകാശ് കഴിഞ്ഞദിവസം പ്രചാരണമാരംഭിച്ചത്. വ്യാപാരസ്ഥാപനങ്ങളും ബസ് സ്റ്റാൻഡുകളും സന്ദർശിച്ചു.പനവൂർ,ചുള്ളിമാനൂർ,നന്ദിയോട്,പാലോട്,പാങ്ങോട് എന്നിവിടങ്ങളിലും പര്യടനം നടത്തി. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ പത്രസമ്മേളനം.വൈകിട്ട് 3ന് ആറ്റിങ്ങലിലെ യു.ഡി.എഫ് കമ്മിറ്റിയിൽ പങ്കെടുക്കും.

കൊടുമൺ പിള്ള വീട് മുടിപ്പുര ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയാണ് വി.മുരളീധരൻ ഇന്നലെ പ്രചാരണം ആരംഭിച്ചത്. കടലേറ്റ ഭീഷണി നേരിടുന്ന അഞ്ചുതെങ്ങിലും വിതുര പഞ്ചായത്തിലെ പൊടിയക്കാല,മൊട്ടമൂട്,ആറ്റുമൺപുറം കോളനികളിലും സന്ദർശനം നടത്തി.അമ്പും വില്ലും സമ്മാനിച്ചാണ് ആദിവാസി സമൂഹം സ്വീകരിച്ചത്. കോളനിവാസികൾ തയ്യാറാക്കിയ കപ്പ പുഴുങ്ങിയതും കാന്താരിയും കട്ടനും അദ്ദേഹം ആസ്വദിച്ചു. വന്യമൃഗങ്ങളുടെ ശല്യവും വാഹനസൗകര്യമില്ലാത്തതും പകുതി മാത്രം പൂർത്തിയാക്കിയ ആറ്റുമൺപുറം പാലത്തിന്റെ പണി പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഉൾപ്പെടെയുള്ള കോളനിവാസികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ വി.മുരളീധരൻ താൻ വിജയിച്ചു വന്നാൽ പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകി.