v-joy

വർക്കല: പത്രികസമർപ്പണം കഴിഞ്ഞതോടെ ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രചാരണത്തിന് വീറും വാശിയും കൂടി. മൂന്ന് മുന്നണികൾ തമ്മിലുള്ള ശക്തമായ ത്രികോണമത്സരമാണ് ആറ്റിങ്ങലിൽ നടക്കുന്നത്. 14 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. പദയാത്രകളും കൺവെൻഷനുകളും പൊതുയോഗങ്ങളും കൂടിക്കാഴ്ചകളും വികസന ചർച്ചകളുമൊക്കെയായി പ്രചാരണം കൊഴുക്കുകയാണ്.

അരുവിക്കര മണ്ഡലത്തിലെ കൂന്താണിയിൽ നിന്നാണ് വി. ജോയ് ഇന്നലെ പര്യടനം ആരംഭിച്ചത്. പോങ്ങോട്, കുര്യാത്തി, ചക്രപാണിപുരം, തൊളിക്കോട്, ചെറ്റച്ചൽ, വിതുര ചിറ്റാർ, പേരയം തുടങ്ങി അറുപതിലധികം കേന്ദ്രങ്ങളിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. സ്ത്രീകളടങ്ങുന്ന വലിയ സംഘമാണ് മിക്കയിടങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മരുതാമല ജംഗ്ഷനിൽ പര്യടനം സമാപിച്ചു. വർക്കല മണ്ഡലത്തിലെ പര്യടനം ഇന്ന് രാവിലെ 8ന് കല്ലമ്പലത്ത് നിന്നാരംഭിക്കും.

അടൂർ പ്രകാശ് കെ.ടി.സി.ടി നഴ്സിംഗ് കോളേജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. വക്കം പുരുഷോത്തമന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റുഡന്റ്സ് മീറ്റ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു. ഓട്ടോ ടാക്‌സി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. ലത്തീൻ അതിരൂപതയുടെ രാഷ്ട്രീയ കാര്യസമിതി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.

ഇന്ന് വിളപ്പിലിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പര്യടനം മുൻ സ്പീക്കർ എൻ. ശക്തൻ ഉദ്ഘാടനം ചെയ്യും.

പോത്തൻകോട് കാഞ്ഞാംപാറ ചിന്താലയ ആശ്രമത്തിലെത്തിയ ശേഷമാണ് വി. മുരളീധരൻ പര്യടനം ആരംഭിച്ചത്. കാട്ടാക്കട മണ്ഡലത്തിലെ പര്യടനം പേയാട് ജംഗ്ഷനിൽ കേന്ദ്രമന്ത്രി ഡോ.എസ്. ജയശങ്കർ ഉദ്ഘാടനം ചെയ്‌തു. സാഹിത്യകാരൻ പ്രൊഫ. ഗോപിനാഥപിള്ളയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. പൂവച്ചൽ പങ്കജകസ്തൂരി യൂണിറ്റിൽ സന്ദർശനം നടത്തി.