thrikkodiyettu

ചിറയിൻകീഴ്: ചരിത്ര പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. ക്ഷേത്ര തന്ത്രി നെടുമ്പള്ളിമന തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി വെഞ്ഞാറമൂട് പാലൂർ മഠത്തിൽ കെ.മാധവൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ സ്വർണക്കൊടിമരത്തിൽ തൃക്കൊടിയേറിയതോടെയാണ് പത്തുദിവസത്തെ ഉത്സവത്തിന് തുടക്കമായത്.കൊടിയേറ്റ് ദർശിക്കാനായി നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു. 10ന് വെളുപ്പിന് 3ന് ഉരുൾ സന്ധിപ്പ്, രാവിലെ 8.30ന് ഗരുഢൻ തൂക്കം, രാത്രി 9ന് തിരുആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിന് 10 കിലോ മീറ്റർ ചുറ്റളവ് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും.ഭരണി മഹോത്സവത്തിൽ പങ്കെടുക്കാൻ ദൂര ദേശങ്ങളിൽ നിന്നുപോലും ഭക്തർ ശാർക്കരയിലെത്തും. ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപാലങ്കാരങ്ങളാൽ കമനീയമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 4ന് പളളിയുണർത്തൽ, 4.30ന് നിർമാല്യദർശനം, 5ന് മഹാഗണപതിഹോമം, 6ന് ഉഷപൂജ, 8ന് ശ്രീഭൂതബലി എഴുന്നളത്ത്, 8.30 മുതൽ 4 വരെ ശ്രീമഹാദേവി ഭാഗവതപാരായണം, 10.30ന് കളഭാഭിഷേകം, 11ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് ഭജന താളാമൃതം, 5.30ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 6ന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, 6.45ന് സംഗീത സദസ്സ്, രാത്രി 7ന് പന്തീരുനാഴി വഴിപാട്, 7.30ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30ന് സ്റ്റാർ സിംഗർ ഫെയിം എം.ജെ.സ്വരസാഗർ നയിക്കുന്ന ട്രിവാൻഡ്രം വോയ്സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.