കല്ലമ്പലം: ഗ്രാമീണ മേഖലകളിൽ ഓടിക്കൊണ്ടിരുന്ന പല കെ.എസ്.ആർ.ടി.സി ബസുകളും നിറുത്തലാക്കുകയും ശേഷിച്ചവ കട്ടപ്പുറത്തും ആയതോടെ പലയിടത്തും യാത്രാക്ലേശം രൂക്ഷമായി. കൊവിഡിനു ശേഷം ചിലയിടങ്ങളിൽ സ്വകാര്യബസും കൂടി ഓടാതായതോടെ യാത്രക്കാർ വലയുന്നു. നാവായിക്കുളം പഞ്ചായത്തിലെ മാവിൻമൂട്, പറകുന്ന്, ഇരുപത്തെട്ടാം മൈൽ വഴി കൊല്ലത്തേക്കും തിരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി പ്രദേശവാസികൾക്ക് അനുഗ്രഹമായിരുന്നു. എന്നാൽ കൊവിഡിനു ശേഷം കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ് സർവീസും മുടങ്ങി.
കെ.എസ്.ആർ.ടി.സി വേണാട് പോലുള്ള സർവീസുകൾ ഇതുവഴി നടത്തിയാൽ കളക്ഷൻ കൂട്ടാൻ സാധിക്കുമെന്ന സർവേ റിപ്പോർട്ട് ഉൾപ്പെടെ ജനപ്രതിനിധികളും വിവിധ റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ബന്ധപ്പെട്ട വകുപ്പിന് നൽകിയെങ്കിലും ഫലം കിട്ടിയില്ല.
പെർമിറ്റ് കിട്ടാനില്ല
പള്ളിക്കൽ പഞ്ചായത്തിൽ 4 വാർഡുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്ന ഏക സ്വകാര്യ ബസ് 3 മാസമായി നിലച്ചു. ഇതിനു പകരം സർവീസ് ഏർപ്പെടുത്താൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമായി. ഓടിയിരുന്ന ബസ് പെർമിറ്റ് പുതുക്കാത്തതിനെ തുടർന്ന് മോട്ടോർ വകുപ്പ് സർവീസ് റദ്ദാക്കുകയായിരുന്നു. എന്നാൽ പെർമിറ്റ് പുതുക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥർ പുതുക്കി നൽകിയില്ല എന്നാണ് ജീവനക്കാർ പറയുന്നത്.
ഗ്രാമവണ്ടി വേണം
കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതിയായ ഗ്രാമവണ്ടി പലയിടത്തും വിജയകരമായി സർവീസ് നടത്തുന്നുണ്ട്. അതേ സർവീസ് പള്ളിക്കൽ കേന്ദ്രീകരിച്ചും ആരംഭിക്കണം എന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. പ്രദേശവാസികൾ ഇപ്പോൾ ഭീമമായ തുക ഓട്ടോയ്ക്കും മറ്റും നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. 5 കിലോമീറ്ററോളം നടന്നു പോകേണ്ട സ്ഥിതിയും ഉള്ളതായി നാട്ടുകാർ പറയുന്നു. വാർഡ് അംഗവും പഞ്ചായത്തും ചേർന്ന് മോട്ടർ വാഹന വകുപ്പിനെയും ഗതാഗത മന്ത്രിയെയും അറിയിച്ചിട്ടും നടപടിയില്ലെന്നാണ് പരാതി.
സർവീസുകളും മുടങ്ങി
മണമ്പൂർ പഞ്ചായത്തിലെ കവലയൂർ, കുളമുട്ടം മേഖലകളിലും ഒറ്റൂർ പഞ്ചായത്തിലെ വടശ്ശേരിക്കോണം, മണമ്പൂർ, ആലംകോട്, ആറ്റിങ്ങൽ തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തലാക്കിയിട്ട് 5 വർഷം പിന്നിടുന്നു. കല്ലമ്പലം, പാരിപ്പള്ളി, ഇടവ, വെൺകുളം, വർക്കല എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഓടിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസും മുടങ്ങിയിരിക്കുകയാണ്.