s

കൊച്ചിയിലെ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ഒരു യന്ത്ര ആനയെ നടയ്ക്കിരുത്തിയെന്ന വാർത്ത ഒരു ശുഭ സൂചനയാണ്. മിണ്ടാപ്രാണികളെ ഉപദ്രവിക്കാതെ തന്നെ പൈതൃകവും ആചാരങ്ങളും സംരക്ഷിക്കാൻ ഇത്തരം പുതിയ പരീക്ഷണങ്ങൾ സഹായകമാകും. ഉത്സവം കേമമാകണമെങ്കിൽ ഒറിജിനൽ ആനയെ എഴുന്നള്ളിക്കണമെന്നാണ് ചിലരുടെ ശാഠ്യം. തീവെട്ടികൾക്കും ചെണ്ടമേളത്തിനുമിടയിൽ അനങ്ങാൻ പോലും കഴിയാതെ കൂച്ചുവിലങ്ങുമണിഞ്ഞ് ആനകൾക്ക് മണിക്കൂറുകൾ നിൽക്കേണ്ടിവരുന്നു. മനുഷ്യത്വമുള്ളവർക്ക് ഈ കാഴ്ച സന്തോഷമല്ല, സങ്കടമാണ് ഉളവാക്കുക.

എഴുന്നള്ളിപ്പിന് ആനതന്നെ വേണമെന്ന് ആചാരപ്രകാരം യാതൊരു നിർബന്ധവുമില്ലെന്ന് പല പ്രാമാണികരും പറയുന്നുണ്ട്. മാത്രമല്ല, ഹിന്ദുമത വിശ്വാസമനുസരിച്ച് വിഘ്നേശ്വരന്റെ പ്രതിരൂപമാണ് ആനകൾ. അതുകൊണ്ടുതന്നെ ആനയെ നാനാവിധത്തിൽ വേദനിപ്പിക്കുന്നത് ദൈവനിഷേധമാണ്. ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദിയും മറ്റും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. തമിഴ്നാട്ടിലും മറ്റും ക്ഷേത്ര ഉത്സവങ്ങൾക്ക് റോബോട്ട് ആനകളെയും രഥങ്ങളെയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലും ഇതൊക്കെ പരീക്ഷിക്കാവുന്നതേയുള്ളൂ.

വി.എസ്. ബാലകൃഷ്ണപിള്ള,

മണക്കാട്, തൊടുപുഴ.

സോളറിനെ

വെറുക്കുന്ന

കെ.എസ്.ഇ.ബി

സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നു. ഇതു പ്രോത്സാഹിപ്പിക്കുന്നതിനായി 78,000 രൂപ വരെ ഒരു ഉപഭോക്താവിന് സബ്സിഡിയായി നൽകുകയും ചെയ്യുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സോളാർ സിസ്റ്റം സ്ഥാപിച്ച വീടുകളിൽ കെ.എസ്.ഇ.ബി കറണ്ട് അളക്കുന്നതിനായി വച്ചിട്ടുള്ള നെറ്റ് മീറ്റർ ഇളക്കിമാറ്റി,​ ഗ്രോസ് മീറ്റർ വയ്ക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തുകയുണ്ടായി. സോളാർ സിസ്റ്റം സ്ഥാപിച്ചവരുടെ കൂട്ടായ്മയുടെ എതിർപ്പു മൂലം ഇല. റഗുലേറ്ററി കമ്മിഷന് ഗ്രോസ് മീറ്റർ വയ്ക്കേണ്ട എന്ന ഉത്തരവ് റദ്ദാക്കേണ്ടിവന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതികൾ നിരവധിയുണ്ട്. ഈ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ വൈദ്യുതി ബോർഡിന് ഒരു താത്പര്യവുമില്ല. ഫ്ളോട്ടിംഗ് സോളാർ പദ്ധതിയേയും കെ.എസ്.ഇ.ബി എതിർക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങി പല സംസ്ഥാനങ്ങളിലും നിരവധി അണക്കെട്ടുകളിൽ ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചുവരുന്നുണ്ട്. നമ്മുടെ കെ.എസ്.ഇ.ബിക്ക് എന്നെങ്കിലും നല്ല ബുദ്ധി തോന്നുമോ?​

എം. സുധാകരൻ

സെക്രട്ടറി, സോളാർ എനർജി പ്രൊഡ്യൂസേർസ് അസോ.,​

നെയ്യാറ്റിൻകര