
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിന്റെ അധീനതയിൽ വരുന്ന പതിറ്റാണ്ടുകൾ പഴക്കമുളള കല്ലമ്പലം മാർക്കറ്റ് നാശത്തിന്റെ വക്കിൽ. എം.എൽ.എയുടെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ടുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാർക്കറ്റ് സംരക്ഷിക്കുന്നതിൽ പഞ്ചായത്ത് പരാജയപ്പെട്ടു. നാട്ടുകാരും വിവിധ സംഘടനകളും മാർക്കറ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. വർഷാവർഷം ലക്ഷക്കണക്കിന് രൂപയ്ക്കാണ് ചന്ത പഞ്ചായത്ത് ലേലം ചെയ്ത് നൽകുന്നത്. കടമുറികളുടെ വാടകയിനത്തിലും ലക്ഷങ്ങൾ വരുമാനമായി പഞ്ചായത്തിലെ തനത് ഫണ്ടിലേക്ക് ലഭിക്കുന്നു. എന്നിട്ടും മാർക്കറ്റിനെ അവഗണിക്കുന്നതായാണ് ആക്ഷേപം.
 രോഗഭീതിയും
കല്ലമ്പലത്ത് തലയെടുപ്പോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന മാർക്കറ്റാണ് നാശത്തിന്റെ വക്കിലായിരിക്കുന്നത്. മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് ദുർഗന്ധവും ക്ഷുദ്രജീവികളുടെയും പിടിയിലാണ് മാർക്കറ്റിന്ന്. ഇതുമൂലം പരിസരവാസികളും വ്യാപാരികളും രോഗഭീതിയിലാണ്. 12 വർഷങ്ങൾക്ക് മുമ്പ് ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച മൂത്രപ്പുര ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമായിമാറി. സ്ഥലം എം.എൽ.എ അഡ്വ.വി.ജോയിയുടെ വികസന പദ്ധതിയിലുൾപ്പെടുത്തി മാർക്കറ്റിനുള്ളിൽ നിർമ്മിച്ച കെട്ടിടവും വൃത്തിഹീനമായ നിലയിലാണ്.
 സംസ്കരണ പ്ളാന്റിൽ മലിനജലം
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. കൃത്യമായി പണമടയ്ക്കാത്തതിനാൽ മാർക്കറ്റിലെ വൈദ്യുതിയും വിച്ഛേദിച്ച നിലയിലാണ്. കുഴൽക്കിണർ നിർമ്മിച്ചെങ്കിലും പൂർത്തീകരിച്ചില്ല. മാർക്കറ്റിനു സമീപമുള്ള റോഡ് കൈയേറി നടക്കുന്ന അനധികൃത മത്സ്യക്കച്ചവടവും വഴിവാണിഭവും ചന്തയുടെ നാശത്തിന് മറ്റൊരു കാരണമായിട്ടുണ്ട്. ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തധികൃതരുടെ അനാസ്ഥയും അലംഭാവവും മൂലം ദുരിതമനുഭവിക്കുന്നത് നാട്ടുകാരാണ്.