തിരുവനന്തപുരം: മെഡിക്കൽ കോളേജിലും പുത്തരിക്കണ്ടത്തുമായി സജ്ജമാക്കുന്ന രണ്ട് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ആർ.ആർ.ടി.എൽ എന്ന കമ്പനിക്കാണ് രണ്ട് പദ്ധതികളുടെയും ചുമതല.
പാളയത്തെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമ്മാണവും ഇവരാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നിർമ്മാണം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയുടെ കാലാവധി പൂർത്തിയായിട്ടും ജോലികൾ കൊവിഡിന്റെ പേരിൽ നീണ്ടുപോകുകയായിരുന്നു. തുടർന്ന് പദ്ധതിയുടെ കാലാവധി തീരുന്നതിന് നാല് മാസം മുമ്പ് 2022 നവംബറിൽ അമൃത് മിഷൻ ഡയറക്ടർ,നഗരസഭ മേയർ എന്നിവർ ചേർന്ന യോഗത്തിൽ സ്മാർട്ട് സിറ്റിക്ക് ഈ കേന്ദ്രങ്ങളുടെ നിർമ്മാണം ഏല്പിക്കുകയായിരുന്നു.
ഈ തീരുമാനം സ്‌മാർട്ട് സിറ്റി ബോർഡും അംഗീകരിച്ചിരുന്നു. കേന്ദ്ര ഫണ്ട് സമയബന്ധിതമായി പദ്ധതികൾക്ക് ഉപയോഗിക്കാതെ പാഴാക്കുന്നതിനുള്ള ബി.ജെ.പിയുടെ വിയോജിപ്പും കൗൺസിലിൽ രേഖപ്പെടുത്തിയായിരുന്നു പദ്ധതി കൈമാറിയത്.
പുത്തരിക്കണ്ടത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ്
അഞ്ചുനില കെട്ടിടമാണ് മൾട്ടിലെവൽ പാർക്കിംഗിനായി ഒരുങ്ങുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ അനുസരിച്ച് ഓട്ടോമേറ്റഡ് മൾട്ടി ലെവൽ യന്ത്രവത്കൃത പാർക്കിംഗ് സംവിധാനമാണ് വരുന്നത്. പമ്പ് റൂമുകൾ,സെക്യൂരിറ്റി,ടിക്കറ്റ് വെൻഡിംഗ് ക്യാബിൻ തുടങ്ങിയ അനുബന്ധ കെട്ടിടങ്ങൾ പദ്ധതിയുടെ ആവശ്യത്തിനനുസരിച്ച് നിർമ്മിക്കും.
താഴത്തെ നിലയിലും മുകളിലത്തെ നിലയിലും എസ്.യു.വിയും ബാക്കിനിലകളിൽ ഉയരം കുറഞ്ഞ കാറുകളും ഉൾക്കൊള്ളിക്കാവുന്ന തരത്തിലാണ് രൂപകല്പന. 20 കോടിയാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ്. 216 കാർ,240 ബൈക്ക്,45 ഓട്ടോറിക്ഷ എന്നിവ പാർക്ക് ചെയ്യാമെന്ന കണക്കിലായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയത്. 11.74 കോടി രൂപയാണ് കണക്കാക്കിയത്. പൈലിംഗ് ജോലികൾ ആരംഭിച്ചപ്പോൾ ലോക്ക് ഡൗൺ വന്നു. തുടർന്ന് നിറുത്തിവച്ചു. എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും കരാറിൽ തുടരാൻ താത്പര്യമില്ലെന്ന് കമ്പനി കോർപ്പറേഷനെ അറിയിച്ചു. അവശ്യ സാമഗ്രികളുടെ വില വർദ്ധനയ്ക്കനുസരിച്ച് എസ്റ്റിമേറ്റ് കൂട്ടാത്തതുമാണ് പുത്തരിക്കണ്ടത്തെ കരാറിൽ നിന്ന് കമ്പനി പിന്മാറിയത്.
പുത്തരിക്കണ്ടത്ത്
പാർക്കിംഗ് സൗകര്യം .....210 കാറുകൾക്ക്
ഇപ്പോഴത്തെ എസ്റ്റിമേറ്റ്....... 20 കോടി
ഉൾക്കൊള്ളാവുന്ന ഭാരം ........ 2,500 കിലോഗ്രാം
മെഡിക്കൽ കോളേജ് പാർക്കിംഗ് കേന്ദ്രം
മെഡിക്കൽ കോളേജിലെ പാർക്കിംഗ് ദുരിതത്തിന് ഒരു പരിധി വരെ ആശ്വാസമാകും. മൾട്ടിലെവൽ കാർ പാർക്കിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ പാർക്കിംഗ് ഏരിയയിലാണ് നിർമ്മിക്കുന്നത്. സെമി ഓട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനമാണ്. ഇവിടെ 202 കാറുകൾ പാർക്ക് ചെയ്യാനാകും. 12 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. ഇതിൽ മാറ്റം വന്നേക്കാം.
മെഡിക്കൽ കോളേജിൽ
പാർക്കിംഗ് സൗകര്യം .....202 കാറുകൾക്ക്
ഇപ്പോഴത്തെ എസ്റ്റിമേറ്റ്....... 12 കോടി
നിർമ്മിക്കുന്നത്........... സെമി ഓട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിംഗ്
പാർക്കിംഗ് കേന്ദ്രങ്ങൾ
നഗരസഭ ആസ്ഥാനം (മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം)
തമ്പാനൂർ പാർക്കിംഗ് കേന്ദ്രം
പാളയം സാഫല്യം കോംപ്ളക്സ് ( മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം)
ട്രയൽ റൺ ഈ ആഴ്ച )