ഉദിയൻകുളങ്ങര : കളിയിക്കാവിള - ബാലരാമപുരം ദേശീയപാതയിൽ ഉദിയൻകുളങ്ങരയിലെ കൊടുംവളവെന്നും ജനങ്ങൾക്കൊരു പേടിസ്വപ്നമാണ്. അപകടങ്ങൾ തുടർക്കഥയായതോടെ വാഹനയാത്രികരും ഭീതിയിലാണ്. പ്രദേശത്ത് അറവുമാലിന്യ നിക്ഷേപം വർദ്ധിച്ചത് അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇവിടെ അപകടങ്ങൾ പതിവായിട്ടും അധികൃതർ മൗനം പാലിക്കുന്നുവെന്ന് ഉദിയൻകുളങ്ങര നിവാസികൾ പറയുന്നു. ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രിയായാൽ ഇരുട്ടാണ്. വേണ്ടത്ര തെരുവു വിളക്കുകളില്ലാത്തതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. ഇരുട്ടിന്റെ മറവിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളും യാത്രക്കാർക്ക് തലവേദനയായിട്ടുണ്ട്. തെരുവുനായ്ക്കൾ റോഡിന് കുറുകെ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. അപകടവളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടാൻ പ്രദേശത്ത് സി.സി.ടിവികൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് സമീപത്തുണ്ടായിരുന്ന കലുങ്കുകളിൽ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.

ഇവിടെ പുതിയ കലുങ്ക് നിർമ്മാണം തുടങ്ങാത്തതും അപകടഭീതി പരുത്തുന്നുണ്ട്. റോഡിലെ കൊടുംവളവ് വഴിയാത്രക്കാർക്ക് അറിയാൻ കഴിയാത്ത വിധമാണ് നിലവിലുള്ളത്.

 അധികൃതർ മൗനം പാലിക്കുന്നു

കൊറ്റാമത്തു നിന്നും ഉദിയൻകുളങ്ങരയിലേക്കെത്തുന്ന ഭാഗത്താണ് ഈ കൊടുംവളവ്. ഇതിനോടകം നിരവധി അപകടങ്ങളിലായി അനവധി ജീവനുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകളുടെയും പാറശാല, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളുടെയും തുല്യ പ്രാതിനിധ്യമുള്ള പ്രദേശം കൂടിയാണ്. അപകടങ്ങളൊഴിവാക്കുന്നതിനായി യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണമെന്ന് ഇരു എം.എൽ.എമാരോടായി ആവശ്യപ്പെട്ടിട്ടും നാളിതുവരെ ആവശ്യങ്ങൾ കൈക്കൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

 സിഗ്നലുകളില്ല

വളവുണ്ടെന്ന തരത്തിലുള്ള സിഗ്നലുകളും പരിസരപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടില്ല. ഈ റോഡിലൂടെ ആദ്യമായാണ് യാത്രയെങ്കിൽ അപകടം ഉണ്ടാവാനുള്ള സാദ്ധ്യതയേറെയാണ്. നിരവധി വിദ്യാർത്ഥികളടക്കം അനവധിപേരാണ് ഈ റോഡിലൂടെ ദിനംപ്രതി യാത്ര ചെയ്യുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലും ഓടകളുണ്ടെങ്കിലും അതിനു മീതെ സ്ലാബില്ലാത്തതും വഴിയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിലുള്ള ഓടകൾ കാണാൻ കഴിയാത്തവിധം കാടുകയറി കിടക്കുന്നതിനാൽ കാൽനടയാത്രികരും അപകടത്തിൽപ്പെടാം. ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.