
വർക്കല: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റ സാദ്ധ്യതകൾ തിരഞ്ഞെടുപ്പിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിൽ മുന്നണികളും സ്ഥാനാർത്ഥികളും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പര്യടനങ്ങളും പൊതുയോഗങ്ങളും പതിവ് പ്രചാരണ രീതികളുടെ ഭാഗമായി കളം നിറയുമ്പോഴും പുത്തൻ ആശയങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിച്ച ഇ.കെ. നായനാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലാണ് വി.ജോയ് ഇന്നലെ പര്യാടനം നടത്തിയത്. കൊറ്റംപള്ളിയിൽ നിന്നുമാരംഭിച്ച പര്യടനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഇടത്തറ, തൂങ്ങാംപാറ, കണ്ടല, പുന്നാവൂർ, നീറമൺകുഴി, ഊരൂട്ടമ്പലം, അമ്മാനൂർകോണം, വെടിവച്ചാൻകോവിൽ, പ്രാവച്ചമ്പലം, നരുവാമൂട് തുടങ്ങി 50 ഓളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ നടുക്കാട് ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ഇന്ന് അരുവിക്കര മണ്ഡലത്തിലാണ് പര്യടനം.
യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 3 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അഡ്വ. കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ, വിതുര ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു. മുന്നണി സ്ഥാനാർത്ഥികളെല്ലാം പത്രികസമർപ്പണം പൂർത്തിയാക്കി. ഇതിന്മേലുള്ള സൂക്ഷ്‌മ പരിശോധന ഇന്ന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള തീയതി ഈ മാസം എട്ടിനാണ്. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ വിവിധ കമ്പനികൾ സന്ദർശിക്കുകയും ജീവനക്കാരെ നേരിൽ കണ്ട് അടൂർപ്രകാശ് വോട്ടഭ്യർഥിച്ചു. കെ.ടി.സി.ടി ഹോസ്‌പിറ്റൽ, ആറ്റിങ്ങൽ ബാർ അസോസിയേഷൻ, ആറ്റിങ്ങൽ ടൗൺ എന്നിവിടങ്ങളിൽ ഇന്ന് സന്ദർശനം നടത്തും. ലത്തീൻ അതിരൂപതയുടെ രാഷ്ട്രീയ കാര്യസമിതി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിലും പങ്കെടുക്കും.
വനിതാ ശാക്തീകരണം ലക്ഷ്യമാക്കി എൻ.എസ്.എസ് തിരുവനന്തപുരത്ത് ആരംഭിച്ച പത്മ കഫേയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻ ഇന്നലെ പ്രചാരണം ആരംഭിച്ചത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഒപ്പം വിശേഷങ്ങൾ പങ്കിട്ടു.
ആറ്റിങ്ങലിന്റെ പുരോഗതി - മോദിയുടെ ഗ്യാരന്റി എന്ന തലക്കെട്ടിൽ തയ്യാറാക്കിയ കരട് വികസന രേഖ കേന്ദ്ര മന്ത്രി ഡോ.എസ്.ജയശങ്കർ പ്രകാശനം ചെയ്‌തു. വനിതാ വോട്ടർമാരോട് പിന്തുണ തേടി. ഇന്ന് കാട്ടാക്കട മണ്ഡലത്തിലാണ് പര്യടനം നടത്തുക. രാവിലെ 9.30ന് പേയാട് ജംഗ്ഷനിൽ ഡോ.എസ്. ജയശങ്കർ പരിപാടി ഉദ്ഘാടനം ചെയ്യും.