
നാൽപ്പത്തഞ്ച് വർഷങ്ങൾ, നാൽപ്പത് കഥകൾ. കേരളത്തിന്റെ പ്രിയപ്പെട്ട കാഥികൻ ചിറക്കര സലിംകുമാറിന്റെ കഥപറച്ചിൽ അനുസ്യൂതം തുടരുകയാണ്. ഉത്സവനാളുകളിൽ കേരളത്തിലെ അങ്ങോളമിങ്ങോളം വേദികളിൽ ഈ കാഥികന്റെ സാന്നിദ്ധ്യമുണ്ട്. കഥാപ്രസംഗകലയുടെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ, അന്തരിച്ച വി.സാംബശിവന്റെ അനുഗ്രഹത്തോടെ കഥപറഞ്ഞു തുടങ്ങിയ സലിംകുമാറിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്ന വലിയൊരു വിഭാഗം ആസ്വാദകരുമുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് കഥപറച്ചിലിന്റെ വേഗത്തിനും ആവിഷ്കാരത്തിനും വരുത്തുന്ന വ്യതിയാനങ്ങളാണ് ഇപ്പോഴും സലിംകുമാറിനെ കഥാവേദികളിൽ ഉറപ്പിച്ചു നിറുത്തുന്നത്. ഒപ്പം, പറയാൻ തിരഞ്ഞെടുക്കുന്ന കഥകളുടെ കാമ്പും.
1981-82 കാലത്ത് കൊല്ലത്തു നടന്ന സർവകലാശാലാ കലോത്സവത്തിൽ കഥാപ്രസംഗ മത്സരത്തിൽ നേടിയ വിജയമാണ് സലിംകുമാറിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്. അക്കാലത്തെ പ്രമുഖ കാഥികന്മാരായിരുന്ന വി. സാംബശിവൻ, കൊല്ലം ബാബു, തേവർതോട്ടം സുകുമാരൻ എന്നിവരായിരുന്നു വിധികർത്താക്കൾ. 'യവനയുടെ ഇതിഹാസം"എന്ന കഥയുടെ അവതരണം വിധികർത്താക്കളെ വല്ലാതെ ആകർഷിച്ചു. കുറച്ചുനാളുകൾക്കു ശേഷം ചിറക്കര ദേവീക്ഷേത്രത്തിൽ കഥ അവതരിപ്പിക്കാനെത്തിയ വി. സാംബശിവനെ സലിംകുമാർ ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ, കലോത്സവ വേദിയിലെ പഴയ സമ്മാനജേതാവിനെ അദ്ദേഹം തിരിച്ചറിഞ്ഞു!
പരിപാടിക്കിടയിൽ സാംബശിവൻ നാട്ടുകാരോടായി പറഞ്ഞു: സലിംകുമാർ നല്ല പ്രതിഭയുള്ള കാഥികനാണ്; അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന്. അതോടെയാണ് തന്റെ മേഖല കഥാപ്രസംഗമാണെന്ന് സലിംകുമാർ ഉറപ്പിക്കുന്നത്. വി. സാംബശിവനെ മാനസഗുരുവായി സ്വീകരിച്ചു. സർവകലാശാലാ കലോത്സവത്തിൽ മത്സരത്തിനെത്തും മുമ്പുതന്നെ നാട്ടിൽ പലവേദികളിലും ഹ്രസ്വ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചിരുന്നു. 1983-ൽ പുണ്യതീർത്ഥം എന്ന കഥ സ്വന്തം നാട്ടിൽ അവതരിപ്പിച്ചാണ് കഥാവേദിയിലെ സ്ഥിരം സാന്നിദ്ധ്യം അറിയിക്കുന്നത്. പിന്നെ തുടർച്ചയായി വേദികൾ. 1992-ൽ, 'നിറംപിടിപ്പിച്ച നുണകൾ" എന്ന കഥ ഉദ്ഘാടനം ചെയ്തത് സാക്ഷാൽ സാംബശിവൻ തന്നെ. 2021-ൽ എ.കെ.ജിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കി തയ്യാറാക്കിയ 'പാവങ്ങളുടെ പടത്തലവൻ" എന്ന കഥ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഗുരുനാഥനായ വി.സാംബശിവന്റെ കലാജീവിതം അടിസ്ഥാനമാക്കി സാംബശിവൻ 'കഥകളുടെ രാജശില്പി" എന്ന കഥാപ്രസംഗം 2005-ൽ അവതരിപ്പിച്ചു. പി.കെ. ഗുരുദാസനായിരുന്നു ഉദ്ഘാടകൻ. 2007-ൽ സാംബശിവന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ ആദ്യപുരസ്കാരം സാംബശിവന്റെ മാതാവ് മേലൂട്ട് ശാരദയിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞത് സലിംകുമാറിന്റെ വലിയ ഭാഗ്യം. ഈ കഥ ഇതിനകം അവതരിപ്പിച്ചത് 125- ഓളം വേദികളിൽ. സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷനാണ് ഈ കഥയുടെ അവതരണത്തിന് ഏറ്രവുമധികം പ്രോത്സാഹനം നൽകിവരുന്നത്. ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ തുടങ്ങി വിദേശ രാജ്യങ്ങളിലുൾപ്പെടെ 5000 ത്തോളം വേദികളിൽ ഇതിനകം കഥാപ്രസംഗം അവതരിപ്പിച്ചു. 
ഏഴുചുവട്, നിറംപിടിപ്പിച്ച നുണകൾ, സനാറ്റ, നിത്യനഗരം, സ്നേഹിച്ചു തീരുംമുമ്പേ, നമുക്ക് ജാതിയില്ല തുടങ്ങി നാല്പതോളം കഥകൾ ഇതുവരെ  അവതരിപ്പിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള കഥാപ്രസംഗ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകൻ കൂടിയാണ് പ്രൊഫ. ചിറക്കര സലിംകുമാർ. 
സംഗീത നാടക അക്കഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. ഭാര്യ ലതിക. മക്കൾ ദീപയും ദിവ്യയും.