
ചിറയിൻകീഴ്: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശാർക്കര മീന ഭരണി മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു. ഇന്നലെ രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്കനേർച്ച കാണാൻ അണമുറിയാത്ത ഭക്തജനപ്രവാഹമായിരുന്നു. ക്ഷേത്ര മേൽശാന്തി വെഞ്ഞാറമൂട് പാലൂർ മഠത്തിൽ കെ.മാധവൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ഇരുവില്ലുകളിലും പ്രത്യേക പൂജ നടത്തിയശേഷം രാവിലെ 9ന് ആരംഭിച്ച ഗരുഡൻ തൂക്കം രാത്രിയോളം നീണ്ടു. ക്ഷേത്ര സന്നിധിയിലെ ഭജനപ്പുരയിൽ കഠിനവ്രതാനുഷ്ടാനങ്ങളോടെ കഴിഞ്ഞിരുന്ന 201 പേരാണ് ഗരുഡൻ തൂക്കനേർച്ചയിൽ പങ്കെടുത്തത്. ക്ഷേത്രത്തിനു സമീപത്തെ ഭഗവതികൊട്ടാരത്തിൽ നിന്നും ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനും ശേഷം ചെറുസംഘങ്ങളായി തിരിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദേവിയെ സ്തുതിച്ചശേഷമാണ് തൂക്കവില്ലേറിയത്. ശാർക്കര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തൂക്കവില്ല് കടന്നുപോകുന്ന ക്ഷേത്രപരിസരം വെളളം തളിച്ച് നനച്ചിരുന്നു. കടുത്ത മീനച്ചൂടിനെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് തൂക്കവില്ല് വലിക്കാനായി എത്തിയത്. ക്ഷേത്ര പരിസരത്തെ പഞ്ചാര മണലിൽക്കൂടി ഇരുവില്ലുകളും നൂറു തവണയാണ് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നത്. വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് ദാഹജലവും ലഘുഭക്ഷണവും വിതരണം ചെയ്തു. തുടർന്ന് രാത്രിയോടെ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട ആറാട്ട് ഘോഷയാത്ര വലിയകട, ഒറ്റപ്ലാംമുക്ക്, പടനിലം വഴി റെയിൽവേ ലൈൻ കടന്ന് ആൽത്തറമൂട്ടിലെത്തി ആറാടിയശേഷം പണ്ടകശാല വഴി ക്ഷേത്രത്തിൽ തിരിച്ചെത്തി. ആറാട്ട് കടന്നുപോയ വഴികൾ അലങ്കരിച്ചും ദീപങ്ങൾ തെളിച്ചും നിലവിളക്കൊരുക്കിയും ഭക്തർ ദേവിയെ വരവേറ്റു. ക്ഷേത്ര ഉപദേശകസമിതി, വിവിധ ഉരുൾ കമ്മിറ്റികൾ, ന്യൂരാജസ്ഥാൻ മാർബിൾസ്, ടാക്സി-ആട്ടോ ഡ്രൈവർമാർ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ മീന ഭരണിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരക്കാഴ്ചയും ഒരുക്കിയിരുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും അശ്വതി, ഭരണി നാളിൽ പ്രവർത്തനസജ്ജമായിരുന്നു. വിപുലമായ പൊലീസ് സംവിധാനവും ഒരുക്കിയിരുന്നു. കൂടാതെ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകളും നടത്തി.