1

വിഴിഞ്ഞം: അവധിക്കാലം ആഘോഷമാക്കാൻ വിഴിഞ്ഞം ലൈറ്റ് ഹൗസും പരിസരവും സജ്ജമായി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു. സന്ദർശിക്കുന്നവരെ വരവേൽക്കുന്നത് കൂറ്റൻ ജിറാഫും ചിമ്പാൻസിയും ആനയുമാണ്. ഇവിടം ഇപ്പോൾ സെൽഫി പോയിന്റായി മാറിക്കഴിഞ്ഞു. കഴിഞ്ഞമാസം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത രാജ്യത്തെ 75 ലൈറ്റ് ഹൗസുകളിൽ നവീകരണത്തിനുശേഷം ഉദ്‌ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതിൽ കോവളവും ഉൾപ്പെടുന്നു. കോവളം വിനോദസഞ്ചാര തീരത്തെ മുഖ്യ ആകർഷണമായ വിഴിഞ്ഞം ലൈറ്റ് ഹൗസിൽ ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. വെക്കേഷൻ തുടങ്ങിയാൽ ഒരു മാസം ലക്ഷങ്ങളാണ് ടിക്കറ്റ് വരുമാനമായി ലഭിക്കുന്നത്. കൂടുതൽ പേരെ ആകർഷിക്കുന്നതിന്റെ മുന്നോടിയായാണ് വിഴിഞ്ഞമിപ്പോൾ മുഖം മിനുക്കിയിരിക്കുന്നത്. ലോകത്തെ തന്നെ മനോഹരമായ 5 ലൈറ്റ് ഹൗസുകളിൽ ഒന്നാണിത്. 1972 മെയിൽ പണി പൂർത്തിയാക്കി ജൂൺ 15ന് പ്രവർത്തനമാരംഭിച്ച ലൈറ്റ് ഹൗസിന് പ്രായം 50 കഴിഞ്ഞു. മറ്റ് ജില്ലകളിലുള്ളതിനേക്കാൾ ഉയരക്കൂടുതലുള്ള ലൈറ്റ്ഹൗസാണിത്.

പുത്തൻ പദ്ധതികൾ

1) ലൈറ്റ് ഹൗസിൽ നിന്ന് ബീച്ചിലേക്ക് ആകർഷകമായ മേൽക്കൂരയോട് കൂടിയ പുതിയ നടപ്പാത

2)സഞ്ചാരികൾക്കായി ചെറിയ വിശ്രമകേന്ദ്രങ്ങളും കുട്ടികളുടെ പാർക്കും

3) വെർട്ടിക്കൽ രീതിയിലുള്ള പൂന്തോട്ടം

4) ലഘുഭക്ഷണങ്ങൾക്കായി കഫെറ്റീരിയ

പണിപ്പുരയിൽ

1) പുസ്തക ലൈബ്രറി

2) കരകൗശല - കൗതുക വസ്തുക്കൾ പ്രദർശിപ്പിക്കുന്ന സുവനീർ ഷോപ്പ്

3) ഉരുളൻ കല്ലുകൾ കൊണ്ടുള്ള അക്വപ്രഷർ പാത

മികച്ച ലൈറ്റ്ഹൗസുകളിലൊന്ന്

36 മീറ്ററാണ് ഇതിന്റെ ഉയരം. മുകളിലെത്താൻ 114 പടികൾ. പടികൾ കയറാൻ പ്രയാസമുള്ളവർക്കായി ലിഫ്ടുണ്ട്. രാജ്യാന്തര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക്ക് പുറത്തിറക്കിയ ലോകത്തെ 5 മികച്ച ലൈറ്റ് ഹൗസുകളുടെ ചിത്രങ്ങളിൽ ഇടം നേടാനും കോവളത്തിനായി. മെറ്റൽ അപ്ലൈഡ് ലൈറ്റിംഗും ഒപ്ടിക്കൽ ലെൻസും ഉപയോഗിച്ചാണ് ലൈറ്റ് ഹൗസ് പ്രകാശിപ്പിക്കുന്നത്. ടൂറിസം വികസന സാദ്ധ്യത മുൻനിറുത്തി ലൈറ്റ് ഹൗസിൽ ആരംഭിച്ച വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമാണ് പ്രവേശനം. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.