garudan-thookkam-

ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തിന്റെ ഭാഗമായുളള ഗരുഡൻ തൂക്കം നടന്നു.ഏറത്ത് മാടൻ നട ദേവീക്ഷേത്രാങ്കണത്തിൽ നടന്ന ഗരുഡൻ തൂക്കക്കാർക്കുളള ചമയലോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.തുടർന്ന് വിവിധ വാദ്യ മേളങ്ങളുടെയും താലപ്പൊലി,തെയ്യം,പൂക്കാവടി,മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പറയെടുപ്പ് ഘോഷയാത്ര നടന്നു.അഴൂർ ഏറത്ത് മാടൻ നടയിൽ നിന്നാരംഭിച്ച് അഴൂർ എൽ.പി.എസ്, കാറ്റാടിമുക്ക്, അനുപമ ജംഗ്ഷൻ,പെരുങ്ങുഴി ഗുരുമന്ദിരം,മുട്ടപ്പലം നാഗരുനട,എം.എഫ്.എ.സി ജംഗ്ഷൻ, അഴൂർ സി.വൈ.സി ജംഗ്ഷൻ,അഴൂർ മാർക്കറ്റ്,ഗണപതിയാം കോവിൽ,കുടിയിൽ നാഗരുനട,വാറുവിളാകം ഭഗവതി ക്ഷേത്രം,അഴൂർ കടവ് വഴിയാണ് ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.വൈകിട്ട് 4.30ന് കഠിന വൃതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞു വന്നിരുന്ന 190 പേരാണ് തൂക്ക വില്ലേറി ദേവീ കടാക്ഷം ഏറ്റുവാങ്ങിയത്.ഗരുഡൻതൂക്കം രാത്രി 9മണി വരെ നീണ്ടു. തൂക്കം കാണാനായി ആയിരങ്ങൾ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.രാത്രിയിൽ നടന്ന ആറാട്ട് എഴുന്നളളത്തോടെ പത്ത് ദിവസമായി നടന്നുവരുന്ന ഉത്സവത്തിന് സമാപനമായി.