photo

പാലോട്: മലയോര ഹൈവേയുടെ നിർമ്മാണം ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിൽ നിശ്ചലമായിട്ട് വർഷം ഒന്നര കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ.റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഒന്നുമായില്ല.

തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാര പടവിൽ അവസാനിക്കുന്ന രീതിയിലായിരുന്നു നിർമ്മാണം.ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്,ആര്യനാട്,വിതുര,പെരിങ്ങമ്മല,പാലോട്,മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്.

സുരക്ഷിതമായ ഓടകൾ,ദിശാബോർഡുകൾ,സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.

പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര കൊപ്പം വരെയാണ് നാലാം റീച്ചിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്ത്രണ്ട് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കേണ്ടിയിരുന്നത്.ഒൻപത് മീറ്റർ റോഡും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഓടയും വരുന്ന രീതിയിലാണ് റോഡ് നിർമ്മാണം.

ഗാർഡർ സ്റ്റേഷൻ മുതൽ തുടങ്ങിയ റോഡ് നിർമ്മാണം ചിറ്റൂർ എത്തിയതോടെ വീതികുറഞ്ഞതായി പരാതിയുണ്ടായി.പഴയ ഓട അതേപടി നിലനിർത്തി റോഡിന്റെ ഉള്ളിൽ പുതിയത് പണിതെന്നും ഇതോടെ റോഡ് പാതിയായി ചുരുങ്ങിയതായി നാട്ടുകാർ പരാതിപ്പെട്ടു.

നിർമ്മാണം ആരംഭിച്ചത് - 2017ൽ

പൂർത്തിയാകുമെന്ന് പറഞ്ഞത് - 2022 ഡിസംബറിൽ


കൊച്ചുകരിക്കകത്തെ കുഴികളിൽ

വീണാൽ നടുവൊടിയും

നാലാം റീച്ചിൽപ്പെട്ട കൊച്ചുകരിക്കകം ജംഗ്ഷൻ മുതൽ കൊച്ചുരിക്കകം പാലം വരെയുള്ള പ്രദേശത്ത് തർക്കങ്ങൾ മൂലം പണി നിറുത്തിവച്ചിരിക്കുകയാണ്.നാലോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വില്ലേജാഫീസ്,സഹകരണ ബാങ്ക്,ഹോമിയോ ഡിസ്‌പെൻസറി,പ്രാഥമിക ആരോഗ്യകേന്ദ്രം,യു.പി സ്‌കൂൾ,ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇരുന്നൂറ് മീറ്ററോളം വരുന്ന ഇവിടെ റോഡ് നിർമ്മാണം നിർത്തിവച്ചിട്ട് ഒൻപത് മാസത്തോളമായി.കാൽനടയാത്രക്കാർക്ക് പോലും ഇതുവഴിയിപ്പോൾ പോകാൻ പറ്റുന്നില്ല.റോഡ് ഇളകി വെള്ളക്കെട്ട് രൂപാന്തരപ്പെട്ടു.


റോഡ് പുതിയതെങ്കിലും പാലം പഴയത്

കോടികൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കുമ്പോഴും കൊച്ചു കരിക്കകം പാലം പഴയതുതന്നെ. കഷ്ടിച്ച് ഒരു വാഹനം മാത്രമേ ഇതുവഴി കടന്നു പോവുകയുള്ളൂ.കൂടാതെ ജീർണാവസ്ഥയിലായ പാലം അപകടകരമായ നിലയിലുമാണ്.വലിയ തുക റോഡിനായി നീക്കിവച്ചപ്പോൾ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം സർവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടാത്തത് അത്ഭുതമാണെന്നാണ് നാട്ടുകാർ പറയുന്നത്.പഴയപാലം പൊളിച്ചുമാറ്റി പുതിയത് പണിയുമെന്ന് അറിയിച്ചുവെങ്കിലും പാലത്തിന്റെ കൈവരികൾ നിർമ്മിച്ചതൊഴിച്ചാൽ പാലം പഴയ നിലയിൽ തന്നെ.പാലത്തിന്റെ അടിത്തറ തകർന്ന നിലയിലുമാണ്.ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.