
കിളിമാനൂർ: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കിളിമാനൂർ പൊലീസ് സ്റ്റേഷന് ബാദ്ധ്യതയായി സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ. അപകടങ്ങളിൽപ്പെട്ടതും വിവിധ കേസുകളിലായി പിടിച്ചെടുത്തതുമായ നൂറോളം വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്തും സംസ്ഥാന പാതയോടു ചേർന്നും കൂട്ടിയിട്ടിരിക്കുന്നത്. ഇവ പലതും തുരുമ്പെടുത്തും കാടുകയറിയും നശിച്ചു. കൃത്യമായ രേഖകളില്ലാത്തവ, മോഷണത്തിനും മറ്റും ഉപയോഗിച്ച് ഉപേക്ഷിച്ചവ, മണൽകടത്ത് നടത്തുന്നതിനിടയിൽ പിടിക്കപ്പെട്ട വാഹനങ്ങൾ എന്നിവ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിക്കാറാണ് പതിവ്. വാഹനങ്ങൾ പിടിച്ചെടുത്തശേഷമുള്ള നടപടിക്രമങ്ങളിലെ താമസമാണ് വാഹനം ഉടമസ്ഥന് വിട്ടുകിട്ടുന്നത് നീളാൻ കാരണം. പുതിയ ഇരുചക്രവാഹനങ്ങൾ മുതൽ രണ്ട് വർഷത്തിൽ കൂടുതലായ വാഹനങ്ങൾ വരെ മോചനം കാത്ത് ഇവിടെയുണ്ട്. നിലവിൽ കോടതിയിൽ കേസ് നടക്കുന്നവയുമുണ്ട്. ക്രിമിനൽ കേസുകളല്ലാത്തവയിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വാഹനത്തിന്റെ രജിസ്റ്റേഡ് ഓണർക്ക് വിട്ട് നൽകും. വർഷങ്ങൾ കഴിഞ്ഞ് വാഹനങ്ങൾ വിട്ടുകിട്ടിയാൽത്തന്നെ ഇവ നിരത്തിലോടുന്ന വിധം പുറത്തിറക്കണമെങ്കിൽ വൻ തുക ചെലവാകും. ഉടമസ്ഥരെത്താത്തവ തൂക്കി വിൽക്കും. നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആളെത്താത്ത വാഹനങ്ങളുടെ എണ്ണം വർഷത്തിലൊരിക്കൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിൽ നിന്നും ശേഖരിക്കാറുണ്ട്. തുടർന്ന് തുരുമ്പെടുത്ത വാഹനങ്ങൾ, ഏറ്റെടുക്കാൻ ആളില്ലാത്ത വാഹനങ്ങൾ എന്നിവ ലേലം നടത്തി ആക്രി വിലയ്ക്ക് തൂക്കി വിറ്റാണ് ഒരു പരിധിവരെ സ്റ്റേഷനുകളിലെ വാഹന ബാഹുല്യം ഒഴിവാക്കുന്നത്. വാഹനങ്ങൾ കൊണ്ട് സംസ്ഥാന പാതയോരം നിറഞ്ഞിരിക്കുന്നതിനാൽ അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്.
വാഹനം സൂക്ഷിക്കണമെന്ന് ചട്ടം
ക്രിമിനൽ കേസുകളിൽ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്താൽ വാഹനത്തിന്റെ ഫോട്ടോ എടുത്ത ശേഷം അതിൽ പരാതിക്കാരന്റെയും പ്രതിയുടെയും പിടിച്ചെടുത്ത ഉദ്യോഗസ്ഥന്റെയും ഒപ്പ് രേഖപ്പെടുത്തണം. ശേഷം വാഹനത്തിന്റെ വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം. വിചാരണ സമയത്ത് വാഹനത്തിന്റെ ഫോട്ടോ മാത്രം ഹാജരാക്കിയാൽ മതിയെങ്കിലും വാഹനം വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കണമെന്നാണ് ചട്ടം.