തിരുവനന്തപുരം: ഞായറാഴ്ച രാവിലെ പള്ളിയിൽ പോയശേഷം ഈസ്റ്റർ ആഘോഷിക്കുന്ന തിരക്കിലായിരുന്നു പൊഴിയൂർ സ്വദേശികളായ ഫ്രാൻസിസും ഡെൽവിയും. എന്നാൽ ജീവിതത്തിൽ ഏറ്റവും വേദന നൽകിയ ഈസ്റ്ററാണ് കഴിഞ്ഞുപോയതെന്ന് ഈ ദമ്പതികൾ പറയുന്നു. കടലാക്രമണത്തിൽ ഇവരുടെ വീട് പൂർണമായും തകർന്നു. സാധനങ്ങൾ നശിച്ചു.
ഫ്രാൻസിസ് മീൻപിടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. കടൽക്ഷോഭത്തെ തുടർന്ന് രണ്ടുദിവസമായി തൊഴിൽ ചെയ്യാനാകുന്നില്ല. ഈ മേഖലയിൽ അഞ്ചുവീടുകൾ പൂർണമായി തകർന്നു. 14 കുടുംബങ്ങളാണ് പൊഴിയൂർ ഗവ.യു.പി.എസിലെ ക്യാമ്പിലുള്ളത്. 'രാത്രി ഒരുപോള ഉറങ്ങിയിട്ടില്ല.വീടിന്റെ പിൻവശം മുഴുവൻ തകർന്നു. കേരളത്തിന്റെ സൈന്യമാണല്ലോ ഞങ്ങൾ,പക്ഷേ പോകാനിടമില്ല മക്കളേ...' പരുത്തിയൂർ സ്വദേശി പ്രാഞ്ചീസിന് ഭീതി വിട്ടുമാറിയിട്ടില്ല.
കടലിനോട് ചേർന്ന റോഡും ഇന്റർലോക്കിട്ടതും തകർന്നു. ചിലർ ബന്ധുവീടുകളിലേയ്ക്ക് പോയെങ്കിലും ഭൂരിഭാഗം പേരും സ്വന്തം വീടുകളിൽ തന്നെയാണ്. ചെളി കയറിയതിനാൽ കുളിമുറികൾ പോലും ഉപയോഗിക്കാനായിട്ടില്ല.
ഓർമ്മയായി ഓഖി പാർക്ക്
രണ്ടുദിവസം മുമ്പുവരെ സജീവമായിരുന്ന പൊഴിയൂരിലെ ഓഖി പാർക്ക് പൂർണമായും തകർന്നു. 53 ലക്ഷം ചെലവിട്ട് നിർമ്മിച്ച പാർക്ക് 2021നാണ് തുറന്നുകൊടുത്തത്. 2017ലെ ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ സ്‌മരണയ്ക്കായി പണിത പാർക്കിലെ ടോയ്ലെറ്റ്,നടപ്പാത,കുട്ടികളുടെ കളിസ്ഥലം,വിശ്രമകേന്ദ്രം,ഇരിപ്പിടങ്ങൾ എന്നിവ നശിച്ചു. മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ കൂട്ടിയിടുന്ന സ്ഥലം മുമ്പേ നശിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഇത് പൂർണമായും തകർന്നു. 100ലേറെ വള്ളങ്ങൾ കേടായി. പറ്റുന്നത്രയും വള്ളങ്ങളും കമ്പവലകളും എ.വി.എം കനാലിലേയ്ക്ക് അഴിച്ചുകെട്ടിയതിനാൽ വലിയ നാശനഷ്ടം ഒഴിവായി. ശംഖുംമുഖം,പുത്തൻതോപ്പ്,അടിമലത്തുറ,പൂന്തുറ എന്നിവിടങ്ങളിൽ കടൽക്ഷോഭം കുറഞ്ഞെങ്കിലും വീടുകളിലേക്ക് അടിച്ചുകയറിയ വെള്ളമിറങ്ങിയിട്ടില്ല. തിരമാലകൾ തടയുന്നതിനായി സ്ഥാപിച്ച ജിയോ ട്യൂബിനെയും തകർത്താണ് പൂന്തുറയിൽ തിര അടിച്ചുകയറിയത്.
ജനങ്ങളുടെ ആവശ്യം
കടൽഭിത്തി നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഒരാഴ്ച മുമ്പ് പൊഴിയൂരിൽ ജിയോ ബാഗുകളിൽ മണൽ നിറയ്‌ക്കാൻ തുടങ്ങിയിരുന്നെങ്കിലും കടൽക്ഷോഭം വന്നതോടെ തടസപ്പെട്ടു. ശംഖുംമുഖത്തെപ്പോലെ അഞ്ചുതെങ്ങിലും പൊഴിയൂരിലും കോൺക്രീറ്റ് ഭിത്തി നിർമ്മിക്കണമെന്ന് തിരുവനന്തപുരം രൂപത മത്സ്യമേഖല ശുശ്രൂഷ ഡയറക്ടർ
ഫാദർ ഷാജൻജോസ് പറഞ്ഞു. കടലാക്രമണം തടയാനുള്ള പൂന്തുറ ഓഫ്ഷോർ ബ്രേക്ക് വാട്ടർപദ്ധതി മന്ദഗതിയിലാണ്. ഇത് പൂർത്തിയായാൽ ശംഖുംമുഖം മുതൽ പൂന്തുറ വരെയുള്ള കടലാക്രമണം ഒരു പരിധിവരെ തടയാം.
ദുരിതാശ്വാസ ക്യാമ്പുകൾ
നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 49 പേരാണുള്ളത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ.യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തേർട്ടീൻത് സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്. ലിയോ തെർട്ടീൻത് സ്‌കൂളിൽ 14 കുടുംബങ്ങളിലെ 26 പേരുണ്ട്.
കളക്ടറുടെ നിർദ്ദേശം
കോവളത്ത് കടലാക്രമണത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി നീക്കണമെന്ന് കളക്ടർ ജെറോമിക് ജോർജ്ജ് ഉത്തരവിറക്കി. വീടുകൾക്കുണ്ടായ നാശനഷ്ടം കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറോട് നിർദ്ദേശിച്ചു. മത്സ്യബന്ധന യാനങ്ങൾക്കും ഉപകരണങ്ങൾക്കുമുണ്ടായ നാശനഷ്ടം കണക്കാക്കി വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കാൻ ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി.