thannimathanukal

ആറ്റിങ്ങൽ: വേനൽച്ചൂടിൽ ആശ്വാസമേകാൻ വെറൈറ്റി തണ്ണിമത്തനുകൾ നിറഞ്ഞ് വഴിയോരങ്ങൾ. ഇളംപച്ച,കടും പച്ച,മഞ്ഞ തുടങ്ങിയ നിറങ്ങളുള്ള തണ്ണിമത്തനാണ് വിപണിയിലെത്തിയിരിക്കുന്നത്.പച്ചത്തൊലിയും ഉള്ളിൽ മഞ്ഞനിറത്തിൽ ഭക്ഷ്യയോഗ്യമായ ഭാഗമുള്ള ഇനവും ഇപ്പോൾ വിപണിയിലുണ്ട്. ചൂട് സമയങ്ങളിൽ മറ്റു പഴവർഗങ്ങളെ അപേക്ഷിച്ച് വില താരതമ്യേന കുറവായതിനാൽ സാധാരണക്കാരുടെ ഇഷ്ടങ്ങളിൽ മുൻപന്തിയിലാണ് തണ്ണിമത്തൻ.

കീടനാശിനി പ്രയോഗമുണ്ടായാലും കട്ടിയുള്ള തൊലി അതു പ്രതിരോധിക്കുമെന്നതിനാൽ ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് വിലയിരുത്തൽ.

തമിഴ്‌നാട്ടിൽ നിന്നാണ് തണ്ണിമത്തൻ ഏറെയും കേരളത്തിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ആലപ്പുഴയിലും പാലക്കാടും വ്യാപകമായി തണ്ണിമത്തൻ കൃഷിയുണ്ട്.കേരളത്തിൽ പ്രധാനമായി മൂന്നിനമാണ് കൃഷി ചെയ്യുന്നത്.കട്ടി കൂടിയ തൊലിയും മഞ്ഞയും,പച്ചയും വരകളുള്ളതുമായ ഇനമാണ് ഷുഗർ ബേബി,കുരു ഇല്ലാത്ത രണ്ട് ഇനങ്ങളാണ് ശോണിമയും,സ്വർണവും. പച്ച നിറത്തിലുള്ള തൊലിയും അകം ചുവപ്പുമായ ഇനമാണ് ശോണിമ, മഞ്ഞ പുറം തൊലിയും അകവശം ചുവപ്പുമായതുമായ ഇനമാണ് സ്വർണം.കേരളത്തിലേക്കുള്ള തണ്ണിമത്തൻ വരവ് കൂടുതലും തമിഴ്‌നാട്ടിലെ കാഞ്ചീപുരവും,ചെങ്കൽപ്പേട്ടുമാണ്.