തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വയസിലേക്ക്. അഞ്ചു ജില്ലകൾ കാതോർത്തിരിക്കുന്ന ആകാശവാണിയുടെ ഒരു വർഷം നീളുന്ന പിറന്നാൾ ആഘോഷത്തിന് ഇന്നലെ തുടക്കമായി. മുൻകാല പ്രവർത്തകരുടെ വലിയ നിരയും നിരവധി പ്രേക്ഷകരും സന്നിഹിതരായിരുന്നു. ആകാശവാണിയുടെ ആരാധകർ പ്രിയപ്പെട്ട ശബ്ദത്തിന്റെ ഉടമകളെ നേരിൽക്കാണുന്ന ചടങ്ങുകൂടിയായി വാർഷികാഘോഷം.

ആകാശവാണി അങ്കണത്തിൽ നടന്ന ചടങ്ങ് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. താനും ഭാര്യയും ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്തിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. താൻ വാടകവീട്ടിൽ താമസിച്ചിരുന്ന അഞ്ചു വർഷം വാടകയ്ക്കുള്ള തുക കണ്ടെത്തിയത് ആകാശവാണിയിൽ നിന്നുള്ള പ്രതിഫലം കൊണ്ടാണ്. നിരവധി അവസരങ്ങൾ തനിക്കും കുടുംബത്തിനും ആകാശവാണി നൽകിയെന്നും ഓണക്കൂർ പറഞ്ഞു.

സ്റ്റേഷൻ മേധാവി സുബ്രഹ്മണ്യൻ അയ്യർ അദ്ധ്യക്ഷനായി. മലയാളി സമൂഹത്തിന്റെ ഉച്ചാരണത്തെയും ഭാഷാശൈലിയെയും സ്വാധീനിക്കാൻ ആകാശവാണിക്ക് കഴി‌ഞ്ഞതായി ചരിത്രകാരൻ എം.ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ലോഗോ പ്രകാശനം ജോ‌ർജ് ഓണക്കൂർ നിർവഹിച്ചു. പ്രോഗ്രാം മേധാവി വി.ശിവകുമാർ ആമുഖപ്രഭാഷണം നടത്തി. വാർത്താവിഭാഗം മേധാവി മയൂഷ,​ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സന്തോഷ് എന്നിവർ സംസാരിച്ചു. റിക്രിയേഷൻ ക്ളബ് സെക്രട്ടറി ഉണ്ണികൃഷ്‌ണൻ നന്ദി പറഞ്ഞു.