
തിരുവനന്തപുരം: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യ മരുന്നുകളുടെ വില 15 ശതമാനം വരെ വർദ്ധിക്കും. വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ, വിറ്റാമിനുകൾ, സ്റ്റിറോയിഡുകൾ, അമോക്‌സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ളൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ മരുന്നുകളും വില വർദ്ധനവിന്റെ പട്ടികയിലുണ്ട്.
മരുന്നുകളുടെ ഉത്പാദനത്തിന് വേണ്ട അസംസ്കൃത വസ്തുക്കളുടെ വിലയിൽ കഴിഞ്ഞവർഷം ഉണ്ടായ മാറ്റം കണക്കിലെടുത്താണ് വർദ്ധനവ്. മരുന്നു വില കഴിഞ്ഞ വർഷം 12 ശതമാനവും 2022ൽ 10 ശതമാനവും വർദ്ധിപ്പിച്ചിരുന്നു. ഈ മാസം മുതൽ വിപണിയിലെത്തുന്ന വില നിയന്ത്രണ പട്ടികയിലുള്ള വിവിധയിനം മരുന്നുകളുടെ വില വർദ്ധിക്കുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി (എൻ.പി.പി.എ) വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഓരോ മരുന്നിനും എത്ര രൂപ വർദ്ധിക്കുമെന്ന് പുതിയ ബാച്ച് എത്തിയാൽ മാത്രമേ വ്യക്തതവരൂവെന്ന് വിതരണക്കാർ പറഞ്ഞു.