തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി നിയമസഭാ മണ്ഡല പര്യടനത്തിലേക്ക് കടക്കുകയാണ് സ്ഥാനാർത്ഥികൾ. ലോക്‌സഭാ മണ്ഡലത്തിന്റെ എല്ലാ മേഖലയിലും ആദ്യഘട്ട ഓട്ടപ്രദക്ഷിണം പൂർത്തിയാക്കിയ ഇടതുമുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ പര്യടനത്തിന്റെ ദൈർഘ്യം കുറച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും കടൽക്ഷോഭം നേരിടുന്ന തീരമേഖലകളിലാണ് ഇന്നലെ പര്യടനം നടത്തിയത്.
സ്ഥാനാർത്ഥികളുടെ നിയമസഭാ മണ്ഡല പര്യടനത്തിനൊപ്പം പ്രമുഖ നേതാക്കൾ പങ്കെടുത്തുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളും തുടങ്ങുകയാണ്.
പന്ന്യൻ രവീന്ദ്രൻ ഇന്നലെ തലസ്ഥാന നഗരിയിലും പരിസരത്തുമായാണ് വോട്ടർമാരെ കണ്ടത്. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതിനാൽ ദൂരെയുള്ള അസംബ്ളി മണ്ഡലങ്ങളിലേക്ക് പോയില്ല.
ഇന്നലെ രാവിലെ 8ന് പാറ്റൂരിലെ കെ.ഇ.മാമന്റെ ശവകുടീരത്തിൽ പുഷ്‌പാർച്ചന നടത്തിയായിരുന്നു തുടക്കം. തുടർന്ന് പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്‌സിലെത്തി തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് പാപ്പനംകോട് സി.എസ്.ഐ.ആർ റിക്രിയേഷൻ ക്ലബ്ബിന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. രാത്രിയിൽ അയിരൂപ്പാറയ്ക്ക് സമീപം അരുവിക്കരക്കോണം ക്ഷേത്രോത്സവ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഉച്ചക്ക് 1.45നും മൂന്നിനും മദ്ധ്യേ കളക്ടറേറ്റിലാണ് അദ്ദേഹം പത്രിക സമർപ്പിക്കുക. കടൽക്ഷോഭം നേരിടുന്ന പൂവാർ,പുല്ലുവിള,പുതിയതുറ,കരുംകുളം,കൊച്ചുതുറ വിവിധയിടങ്ങളിൽ ഇന്നലെ സന്ദർശനം നടത്തിയ അദ്ദേഹം തീരദേശവാസികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ തീരപ്രദേശത്തെ കടലാക്രമണം ഉന്നയിച്ചുള്ള പ്രചരണമാണ് നടത്തിയത്. രാവിലെ കഴക്കൂട്ടത്തും തീരപ്രദേശങ്ങളിലും പ്രചാരണത്തിനെത്തി. രാവിലെ 10ന് കരിയത്തെത്തിയ സ്ഥാനാർത്ഥിയെ വരവേൽക്കാൻ വൻ ജനാവലിയുണ്ടായിരുന്നു. തലസ്ഥാന വികസനത്തിന് കൂടുതൽ ആസൂത്രണം വേണമെന്ന് കഴക്കൂട്ടം ദ്വാരകാഹാളിൽ ചേർന്ന മുതിർന്ന പൗരൻമാരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.