
ബാലരാമപുരം: തിരഞ്ഞെടുപ്പ് കൺവെൻഷനുകളും,അഭ്യർത്ഥന വിതരണവും കഴിഞ്ഞതോടെ പ്രകടനപത്രികയുമായി മൂന്നാംഘട്ടത്തിലേക്കാണ് തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥികൾ.ചൂടിന്റെ കാഠിന്യമേറിയതോടെ പര്യടനവും വെല്ലുവിളിയാകുന്നു.ഇതിനിടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളും സ്ഥാനാർത്ഥികൾ സന്ദർശിച്ചു. യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. താൻ എം.പി ആയ 15 വർഷത്തെ വികസനപദ്ധതികളും നടപ്പാക്കാനുദ്ദേശിക്കുന്നതുമായ കാര്യങ്ങളും അടങ്ങിയതാണ് യു.ഡി.എഫ് പ്രകടനപത്രിക. ബൂത്ത് തലത്തിൽ ഓരോ വീടുകളിലും പ്രകടനപത്രിക വിതരണം ചെയ്തു .ബി.ജെ.പി, എൽ.ഡി.എഫ് നേതൃത്വത്തിന് വെല്ലുവിളിയുയർത്തിയാണ് തരൂരിന്റെ പര്യടനം. ബി.ജെ.പിയുടെ ഏകാധിപത്യഭരണത്തിന് തിരശ്ശീല വീഴുന്ന തിരഞ്ഞെടുപ്പാണിതെന്നും തരൂർ പറഞ്ഞു. പൂവാർ യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ എൻ.ഡി.എ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലാണ് കൂടുതൽ വികസനപദ്ധതികൾ വരാൻ പോകുന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് ഉറപ്പ് നൽകുന്നത്.മോഹനവാഗ്ദാനം നൽകുന്ന ശൈലി തനിക്കില്ലെന്നും പറയുന്നത് ചെയ്യുമെന്നും ഓരോ മേഖലയിലേയും പ്രശ്നങ്ങൾ പഠിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കടലാക്രമണം നേരിട്ട അടിമലത്തുറ, പൂവാർ ദുരിതബാധിതപ്രദേശങ്ങളിൽ പ്രവർത്തകരോടൊപ്പം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ സന്ദർശനം നടത്തി. തഹസീൽദാർ, വാർഡ് മെമ്പർമാർ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. പൊഴിമുറിക്കുന്നത് അടക്കമുള്ള കാര്യങ്ങളും കടലാക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ചും തഹസീൽദാറുമായി ചർച്ച നടത്തി. എം.വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ, പി.എസ് ഹരികുമാർ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.