
വർക്കല: ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവെലിന് സമാപനമായി. ഇന്ത്യയിലെയും വിദേശത്തെയും 65ലേറെ മത്സരാർത്ഥികൾ പങ്കെടുത്തു. അണ്ടർ 16 ആൺകുട്ടികൾ,ഓപ്പൺ കാറ്റഗറി പുരുഷ, വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം.അണ്ടർ 16 വിഭാഗത്തിൽ കിഷോർ കുമാർ ഒന്നാം സ്ഥാനവും ടെയിൻ അരുൺ രണ്ടാം സ്ഥാനവും പ്രഹ്ലാദ് ശ്രീറാം മൂന്നാം സ്ഥാനവും നേടി.വുമൺസ് ഓപ്പൺ മത്സരവിഭാഗത്തിൽ കമാലി.പി, സന്ധ്യ അരുൺ,ഇഷിത മാളവ്യ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.മെൻസ് ഓപ്പൺ വിഭാഗത്തിൽ രമേശ് മുദ്ഹിഹൽ ഒന്നാം സ്ഥാനത്തിന് അർഹനായി.ഹരീഷ്.എം രണ്ടാം സ്ഥാനവും ശ്രീകാന്ത്.ഡി മൂന്നാം സ്ഥാനവും നേടി.ഓസ്ട്രേലിയയിൽ നിന്നുള്ള ഇന്റർനാഷണൽ സർഫിംഗ് അസോസിയേഷൻ പ്രതിനിധി റോറി സൈംസാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
ടൂറിസം സെക്രട്ടറി ബിജു.കെ,സിനിമാതാരവും സർഫറുമായ സുദേവ് നായർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ടൂറിസം അഡിഷണൽ ഡയറക്ടർ വിഷ്ണുരാജ്,ഡെപ്യൂട്ടി ഡയറക്ടർ രാജീവ്.ജി.എൽ,അഡ്വഞ്ചർടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്,സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധികൾ തുടങ്ങിയവർ സമാപനസമ്മേളനത്തിൽ പങ്കെടുത്തു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുമായി (കെ.എ.ടി.പി.എസ്) സഹകരിച്ച് സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ,അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ എന്നിവയുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചത്.