
പൂവാർ: ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തീരപ്രദേശമാകെ മാലിന്യകൂമ്പാരമായി മാറിയെന്ന് പ്രദേശവാസികൾ. കുളത്തൂർ,പൂവാർ,കരുംകുളം കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ മലിനജലം കെട്ടി കിടക്കുകയും മലിന വസ്തുക്കൾ അടിഞ്ഞ് കൂടിയിരിക്കുകയുമാണ്.
കുളത്തൂരിലെ പൊഴിയൂർ,പരുത്തിയൂർ,പൂവാറിലെ ഇ.എം.എസ് കോളനി,എരിക്കലുവിള,കൊച്ചുതുറ,പുതിയതുറ, ഇരയിമ്മൽതുറ പുല്ലുവിള, കോട്ടുകാലിലെ അമ്പലത്തുമൂല അടിമലത്തുറ തുടങ്ങിയ തീരമേഖലയിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കി കളയാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.പൂവാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ ക്ലോറിനേഷൻ നടത്തിയെങ്കിലും മറ്റ് മേഖലകളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. കൂടാതെ മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല.കരുംകുളം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മലിനജലം ഒഴുക്കി കളയുന്നതിന് ജെ.സി.ബി ഉപയോഗിച്ച് ചാലുകീറൽ നടക്കുന്നുണ്ട്.അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് കരുംകുളം കൾച്ചറൽ സെന്റർ പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.